ഗൗരി ലങ്കേഷിനെ അപമാനിച്ച് ‘സംഘികള്‍’: ഒരു നായ കൊല്ലപ്പെട്ടു എന്ന മോദി ട്വിറ്ററില്‍ പിന്തുടരുന്ന യുവാവിന്റെ ട്വീറ്റിനെതിരെ പ്രതിഷേധം കത്തുന്നു

single-img
7 September 2017

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ പിന്തുടരുന്ന യുവാവ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അപമാനിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റ് വിവാദമാകുന്നു. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് മിനിറ്റുകള്‍ക്കകമാണ് നിഖില്‍ ഡാഡിച്ച് എന്ന യുവാവ് ഗൗരിയെ അപമാനിക്കുന്ന രീതിയില്‍ ട്വീറ്റ് ചെയ്തത്.

ഒരു നായ കൊല്ലപ്പെട്ടു എന്നതായിരുന്നു ട്വീറ്റ്. ഹിന്ദു രാഷ്ട്രവാദി എന്ന് വിശേഷിപ്പിക്കുന്ന ഇയാളുടെ ട്വിറ്റര്‍ പേജില്‍ പ്രധാനമന്ത്രി ഫോളോ ചെയ്യുന്നതായി പറയുന്നുണ്ട്. നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ പേജിലും ഇക്കാര്യം വ്യക്തമാണ്. ട്വീറ്റിനെതിരെ യോഗേന്ദ്ര യാദവും ദ്വിഗ്വിജയ് സിംഗും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി.

ഇതിനിടെ പ്രധാനമന്ത്രിയോട് ചില ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ രംഗത്ത് എത്തി. ഗൗരിയുടെ കൊലപാതകത്തെ ആഘോഷിക്കുന്നവരെ എന്തിനാണ് പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നതെന്നാണ് രവീഷ് കുമാര്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം.

തന്റെ ബ്ലോഗിലൂടെയാണ് രവീഷ് കുമാര്‍ മോദിയെ ചോദ്യം ചെയ്യുന്നത്. ഇന്ത്യന്‍ ജനത പ്രധാനമന്ത്രിയ്ക്ക് ഒരുപാട് ആദരവ് നല്‍കിയിട്ടുണ്ട്. ആരെയാണ് അദ്ദേഹം ഫോളോ ചെയ്യേണ്ടത്? നിങ്ങള്‍ ഫോളോ ചെയ്യുന്ന 1700 പേരില്‍ ഗൗരിയെ പട്ടിയെന്ന് വിശേഷിപ്പിച്ചയാള്‍ നിങ്ങള്‍ ഫോളോ ചെയ്യേണ്ടയാളാണോ? നിങ്ങള്‍ ബി.ജെ.പിയുടെ മുഴുവന്‍ ജനപ്രതിനിധികളെപ്പോലും ഫോളോ ചെയ്തിട്ടില്ല എന്നിരിക്കെയാണ് ഇവരെയൊക്കെ ഫോളോ ചെയ്യുന്നത്.’ രവീഷ് കുമാര്‍ ചോദിക്കുന്നു.

ഇവര്‍ക്കൊക്കെ പകരം ഫോളോ ചെയ്യാന്‍ ആളില്ലെന്നാണെങ്കില്‍ നിങ്ങള്‍ എന്നെ ഫോളോ ചെയ്‌തോളൂ എന്ന നിര്‍ദേശവും മോദിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. അതേസമയം പ്രതിഷേധം ശക്തമായതോടെ ട്വീറ്റ് പിന്‍വലിച്ച നിഖില്‍ പിന്നാലെ വിശദീകരണം നല്‍കി. തന്റെ ട്വീറ്റിന് ഗൗരിയുടെ മരണവുമായി ബന്ധമില്ലെന്നും ചില ആളുകള്‍ ഗൗരിയെ അപമാനിക്കാന്‍ ഇത് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നുമാണ് ട്വീറ്റിലുള്ളത്.