ദിലീപിനെ ‘പുറത്തിറക്കാന്‍’ ദുബായ് പ്രവാസികള്‍ രംഗത്ത്

single-img
7 September 2017

നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി ദുബായ് പ്രവാസികളുടെ കൂട്ടായ്മ. ദുബായ് കേന്ദ്രീകരിച്ചുളള വാട്‌സ് ആപ്പ് കൂട്ടായ്മയായ ‘വോയ്‌സ് ഓഫ് ഹുമാനിറ്റി’ യിലെ അംഗങ്ങളാണ് കേസില്‍ വിചാരണ നേരിടുന്ന താരത്തിന് പിന്തുണ പ്രഖ്യാപിച്ച് വാര്‍ത്താസമ്മേളനം നടത്തിയത്.

ദിലീപിനെതിരെ വന്‍ ഗൂഢാലോചനയാണ് നടക്കുന്നത്. താരത്തിന് മാനുഷിക പരിഗണന നല്‍കണം. ജാമ്യം ലഭിക്കുന്നതിനായി ദിലീപിനെ സ്‌നേഹിക്കുന്നവര്‍ പരസ്യമായി പിന്തുണ പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചത്. ആരുടെയെങ്കിലും നിര്‍ദ്ദേശ പ്രകാരമാണോ ദിലീപിന് വേണ്ടി സംസാരിക്കുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ദിലീപ് എന്ന നടനോടും മനുഷ്യനോടുമുള്ള സ്‌നേഹം കൊണ്ടാണെന്ന് ഇവര്‍ പറഞ്ഞു.

എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ പല ചോദ്യങ്ങള്‍ക്കുമുന്‍പിലും കൃത്യമായ ഉത്തരം പറയാനാവാതെ ഇവര്‍ കുഴങ്ങി. സിനിമ, രാഷ്ട്രീയം, ബിസിനസ്സ് രംഗങ്ങളിലെ ആളുകള്‍ ഗൂഡാലോചനയ്ക്ക് പിന്നിലുണ്ട്. ഇത്രയും ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെയുള്ള പോലീസിന്റെ നീക്കത്തില്‍ അതൃപ്തിയുണ്ട്.

കേസ് സിബിഐയ്ക്ക് നല്‍കണം. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. നിരപരാധിയാണെങ്കില്‍ ഇപ്പോള്‍ ദിലീപിനോട് ചെയ്യുന്നത് ക്രൂരതയാണ്്. ഇക്കാര്യത്തില്‍ സത്യം പുറത്തുകൊണ്ടു വരാനുള്ള നടപടികള്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നിവേദനം സമര്‍പ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.