ഓണക്കാലത്ത് ‘ലോട്ടറിയടിച്ചത്’ കെഎസ്ആര്‍ടിസിക്ക്: കലക്ഷനില്‍ അധികമായി നേടിയത് പത്തുകോടി രൂപ

single-img
7 September 2017

ഓണക്കാലത്തെ കലക്ഷന്‍ വര്‍ധിപ്പിക്കുന്നതിന് കെഎസ്ആര്‍ടിസി സ്വീകരിച്ച കര്‍ശന നടപടികള്‍ ഫലം കണ്ടു. ഇത്തവണ റെക്കോര്‍ഡ് വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായിരിക്കുന്നത്. ജീവനക്കാരുടെ അവധി നിയന്ത്രിച്ചും പ്രധാന കേന്ദ്രങ്ങളില്‍നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകളും അന്തര്‍ സംസ്ഥാന സര്‍വീസുകളും വര്‍ധിപ്പിച്ചുമാണ് കെഎസ്ആര്‍ടിസി കലക്ഷന്‍ വര്‍ധിപ്പിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീരിച്ചിരുന്നത്.

തിരുവോണ ദിനത്തില്‍ മാത്രം 4,00,88,623 രൂപയാണ് കലക്ഷന്‍. കഴിഞ്ഞ വര്‍ഷം ഇത് 3,69,37,901 രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഓണദിനങ്ങളില്‍ കെഎസ്ആര്‍ടിസി അധികമായി നേടിയത് പത്തുകോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ഓണക്കാലത്തെ ഏഴുദിവസങ്ങളില്‍ കോര്‍പറേഷന്റെ വരുമാനം 36,47,39,111 രൂപയായിരുന്നു. ഈ ഓണക്കാലത്ത് (ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ ആറുവരെ) കോര്‍പറേഷന്റെ വരുമാനം 46,48,05,262 രൂപയാണ്.

കഴിഞ്ഞവര്‍ഷത്തെ ഓണക്കാലത്ത് 32,176 ഷെഡ്യൂളുകളാണ് കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്തതെങ്കില്‍ ഈ വര്‍ഷം 39,222 ഷെഡ്യൂളുകള്‍ (എട്ടുദിവസം) ഓപ്പറേറ്റ് ചെയ്യാന്‍ കഴിഞ്ഞു. ടീമായി പ്രവര്‍ത്തിച്ചതിനാലാണ് വരുമാനത്തില്‍ വര്‍ധനവുണ്ടായതെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു.