നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

single-img
7 September 2017

കൊച്ചി: അപ്രതീക്ഷിതമായുണ്ടായ കനത്ത മൂടല്‍മഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തിലെ വ്യോമഗതാഗതത്തെ ബാധിച്ചു. ഇതേത്തുടര്‍ന്നു നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ഏഴു വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. പിന്നീടു മൂടല്‍മഞ്ഞു മാറിയശേഷം രാവിലെ എട്ടരയോടെ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തുതുടങ്ങി.

അഞ്ചു രാജ്യാന്തര സര്‍വീസുകളും രണ്ട് ആഭ്യന്തര സര്‍വീസുകളുമാണു വഴിതിരിച്ചുവിട്ടതെന്നു കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനങ്ങള്‍ കോയമ്പത്തൂരിലേക്കും കരിപ്പൂരിലേക്കും ഹൈദരാബാദിലേക്കുമാണു വഴിതിരിച്ചു വിട്ടത്.

അതേസമയം, ഇവിടെനിന്നു പുറപ്പെടേണ്ട വിമാനങ്ങളുടെ സര്‍വീസിനെ മൂടല്‍മഞ്ഞു ബാധിച്ചില്ല. ലാന്‍ഡിങ്ങിനെ മാത്രമാണു ബാധിച്ചത്. ടേക്ക് ഓഫ് വിമാനങ്ങള്‍ കൃത്യസമയത്തുതന്നെ ഇവിടെനിന്നു പുറപ്പെട്ടിരുന്നു. ജെറ്റ് എയര്‍വേസിന്റെ ഷാര്‍ജ – കൊച്ചി വിമാനം, ഒമാന്‍ എയര്‍വേസിന്റെ മസ്‌കറ്റ് – കൊച്ചി, ഇന്‍ഡിഗോയുടെ ദുബായ് – കൊച്ചി, മസ്‌കറ്റ് – കൊച്ചി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ സര്‍വീസ് തുടങ്ങിയവയാണ് നെടുമ്പാശേരിയില്‍ ഇറങ്ങാനാകാതെ വഴിതിരിച്ചുവിട്ട രാജ്യാന്തര സര്‍വീസുകള്‍.

ഇന്‍ഡിഗോയുടെ ദുബായ് വിമാനം കോയമ്പത്തൂരില്‍ ലാന്‍ഡ് ചെയ്തിരുന്നു. ഇന്‍ഡിഗോയുടെ രണ്ട് ആഭ്യന്തര സര്‍വീസുകളായ പുണെ- കൊച്ചി, ചെന്നൈ – കൊച്ചി വിമാനവും വഴിതിരിച്ചു വിട്ടു. പുണെ – കൊച്ചി വിമാനം ഹൈദരാബാദിലേക്കാണ് തിരിച്ചുവിട്ടത്. വിമാനങ്ങളെല്ലാം തിരിച്ചുവന്നു തുടങ്ങി.