ദിലീപ് നാളെ ജയിലിനു പുറത്തിറങ്ങും

single-img
5 September 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജനപ്രിയനായകന്‍ ദിലീപ് നാളെ പുറത്ത് വരും. അഴിക്കുള്ളിലായിട്ട് രണ്ടു മാസം തികയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ദിലീപ് പുറംലോകം കാണുന്നത്. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാനാണ് താരം പുറത്തിറങ്ങുന്നത്.

നാളെ ആലുവ മണപ്പുറത്തും ദിലീപിന്റെ വീട്ടിലുമായാണ് ചടങ്ങുകള്‍ നടക്കുന്നത്. വീട്ടിലും ആലുവ മണപ്പുറത്തുമായി നടക്കുന്ന ബലികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കകം തന്നെ ദിലീപ് ജയിലില്‍ മടങ്ങിയെത്തണമെന്നാണ് കോടതിയുടെ ഉത്തരവ്. ചടങ്ങ് പൂര്‍ത്തിയാക്കി 11 മണിയോടെ താന്‍ ജയിലില്‍ തിരിച്ചെത്താമെന്നുമാണ് ദിലീപ് കോടതിക്ക് ഉറപ്പ് നല്‍കിയത്.

കഴിഞ്ഞ ഏഴു വര്‍ഷമായി താന്‍ അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതായും ഇത്തവണയും അത് മുടങ്ങാതിരിക്കാന്‍ തന്നെ സഹായിക്കണമെന്നുമാണ് ദിലീപ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞത്. വെറും നാലു മണിക്കൂര്‍ നേരത്തേ അനുമതി മാത്രമേ കോടതി നല്‍കിയിട്ടുള്ളൂ.

പുറത്ത് പോകുന്ന ദിലീപിന് പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദിലീപിനെ പോലെ പ്രശസ്തനായ ഒരു വ്യക്തിയെ ചതയദിനമായ നാളെ വീട്ടിലും അതിന് പുറമെ ആലുവ മണപ്പുറത്തും ഹാജരാക്കുകയെന്നത് പൊലീസിന് വെല്ലുവിളിയാകും. പൊതുജനത്തെ എങ്ങനെ നിയന്ത്രിക്കുമെന്നതാകും ഏറ്റവും വലിയ വെല്ലുവിളി.

ഇതിനിടെ ദിലീപ് മൂന്നാംതവണയും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഹൈക്കോടതി രണ്ടാംതവണയും ജാമ്യം നിഷേധിച്ച് ഏതാനും ദിവസങ്ങള്‍ക്കകം തന്നെയാണ് താരം വീണ്ടും ജാമ്യാപേക്ഷയുമായി മുന്നോട്ടുപോകുന്നത്. ഓണാവധി കഴിഞ്ഞ് ഈ മാസം ഏഴിനോ അല്ലെങ്കില്‍ പന്ത്രണ്ടിനോ തന്നെ ഹൈക്കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കാനാണ് നീക്കം. ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ളയുടെ നേതൃത്വത്തിലാണ് ജാമ്യഹര്‍ജി വീണ്ടും തയ്യാറാക്കുന്നത്.