അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ ചിത്രമെടുത്ത യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു

single-img
5 September 2017

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വിവാദ വാട്ടര്‍ തീം പാര്‍ക്കിന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച് വിനോദസഞ്ചാരികളായ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരും പ്രദേശവാസികളായ 12 പേരും അടക്കം മൊത്തം 14 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് കോഴിക്കോട് റൂറല്‍ എസ്പി അറിയിച്ചു.

താമരശേരി സിഐക്കാണ് കേസിന്റെ അന്വേഷണചുമതലയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കക്കാടംപൊയിലിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന് മുന്നില്‍ യുവാക്കള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. പാര്‍ക്കിന്റെ ഫോട്ടോയെടുത്തതിനാണ് നാട്ടുകാരെന്നു പറഞ്ഞെത്തിയ ഒരും സംഘം തങ്ങളെ മര്‍ദ്ദിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു.

മര്‍ദനമേറ്റതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും ആവശ്യമായ നടപടി സ്വീകരിക്കാനോ, ആക്രമിച്ചവരെ പിടികൂടാനോ പോലീസ് തയാറായില്ലെന്ന്് യുവാക്കള്‍ പറഞ്ഞു. മര്‍ദനത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

അന്‍വറിന്റെ പാര്‍ക്കിന്റെ അനധികൃത പ്രവര്‍ത്തനങ്ങളെ കുറിച്ച് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ പാര്‍ക്കിന്റെ പരിസരത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. കൂടാതെ ഈ പ്രദേശത്ത് എത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നതായി ആരോപണമുയര്‍ന്നിരുന്നു.