കണ്ണന്താനത്തിന്റെ മന്ത്രിപദവി മോദി സര്‍ക്കാരിന്റെ ഓണസമ്മാനമെന്ന് കുമ്മനം: നിരാശരായി തലമുതിര്‍ന്ന നേതാക്കള്‍

single-img
3 September 2017

തിരുവനന്തപുരം: അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം മലയാളികള്‍ക്കുള്ള ഓണ സമ്മാനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ കൈവിട്ടിട്ടില്ലെന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സാന്നിധ്യം തിളക്കമേറ്റും. കേരളത്തിലെ ഇടത്, വലത് മുന്നണികളുടെ അഴിമതി ഭരണത്തില്‍ മനംനൊന്താണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. കേരളത്തിന്റെ വികസന സങ്കല്‍പ്പങ്ങള്‍ക്കു ചിറകു നല്‍കാന്‍ അദ്ദേഹത്തിനു കഴിയുമെന്ന കാര്യം ഉറപ്പാണെന്നും കുമ്മനം സമൂഹമാധ്യമത്തില്‍ കുറിച്ചു.

അതേസമയം അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതോടെ സംസ്ഥാന ബിജെപി നേതൃത്വത്തിലെ തലമുതിര്‍ന്ന നേതാക്കള്‍ അടക്കമുളളവര്‍ വീണ്ടും നിരാശയിലാണ്. കോഴ വിവാദത്തില്‍ കുടുങ്ങി രാഷ്ട്രീയമായി തിരിച്ചടികളേറ്റ് വാങ്ങിക്കൊണ്ടിരിക്കുന്ന ബിജെപിക്ക് ഡല്‍ഹിയില്‍ നിന്ന് കിട്ടിയ തിരിച്ചടി കൂടിയാണ് സംസ്ഥാന നേതൃത്വം പോലുമറിയാതെയുളള അല്‍ഫോണ്‍സിന്റെ കേന്ദ്ര സഹമന്ത്രിസ്ഥാനം.

മന്ത്രിസഭാ പുനഃസംഘടനയെന്ന വാര്‍ത്തകള്‍ പുറത്തുവന്ന ആദ്യസമയം മുതലെ ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ട പേര് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റേതായിരുന്നു. പിന്നാലെ വി. മുരളീധരന്റെയും എല്ലാത്തവണത്തെ പോലെയും രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയുടെയും പേരുകളും സജീവമായി പറഞ്ഞുകേട്ടു. എന്നാല്‍ അവസാനം സംഭവിച്ചതാകട്ടെ വിഭാഗീയതയിലും അഴിമതി വിവാദങ്ങളിലും മുങ്ങിക്കുളിഞ്ഞ സംസ്ഥാന ബിജെപി നേതൃത്വത്തിനുളള താക്കീതെന്നവണ്ണം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായ ഒരു ബിജെപി നേതാവിനെ പോലും പരിഗണിച്ചില്ല എന്നതാണ്.