ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ സമാപനം

single-img
3 September 2017

മക്ക: പ്രപഞ്ചനാഥന്റെ വിളിക്കുത്തരമേകി ജനലക്ഷങ്ങള്‍ സംഗമിച്ച പരിശുദ്ധ ഹജ്ജ് അവസാന ഘട്ടത്തിലേക്കു നീങ്ങുന്നു. 23 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ പങ്കെടുത്ത ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ സമാപനമാകും. ഹജ്ജിന്റെ നാലാം ദിനത്തിലെ കല്ലേറുകര്‍മം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ മിനായിലെ തമ്പുകളില്‍ വിശ്രമിക്കുകയാണ്. ഇന്ന് മഗ്രിബിനു മുമ്പ് പകുതിയിലേറെ ഹാജിമാര്‍ മിനായോട് വിടപറയും. ബാക്കിയുള്ളവര്‍ ദുല്‍ഹജ്ജ് 13 വരെ തമ്പില്‍ താമസിച്ച് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും.

മിനായില്‍നിന്ന് മടങ്ങുന്നവര്‍ ഹറമില്‍ പോയി കഅ്ബ പ്രദക്ഷിണം ചെയ്യുന്നതോടെയാണ് ഹജ്ജ് പൂര്‍ത്തിയാവുക. അവസാന ഘട്ടത്തില്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തിരക്ക് കൂടുമെന്നതിനാല്‍ ഹാജിമാര്‍ക്ക് സമയം ക്രമീകരിച്ച് നല്‍കിയിട്ടുണ്ട്. മക്കയോട് വിടപറഞ്ഞ് മദീനയില്‍ പ്രവാചകന്റെ ഖബറിടവും മസ്ജിദുന്നബവിയും സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ് ഹാജിമാര്‍.

ജിദ്ദവഴി സൗദി അറേബ്യയിലെത്തിയ ഇന്ത്യന്‍ തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം സെപ്റ്റംബര്‍ എട്ടിന് തുടങ്ങുമെന്ന് ഹജ്ജ് കോണ്‍സല്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ മദീനവഴി വന്നവര്‍ ഈ മാസം ആറുമുതല്‍ നാട്ടിലേക്ക് തിരിക്കും. ഈ വര്‍ഷം 23,52,122 പേര്‍ ഹജ്ജ് നിര്‍വഹിച്ചതായി സൗദി സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി അറിയിച്ചു.

ഇതില്‍ 17,52,014 പേര്‍ വിദേശികളാണ്. 6,00,108 പേര്‍ ആഭ്യന്തര തീര്‍ഥാടകരാണ്. 13,34,080 പുരുഷന്മാരും 10,18,042 വനിതകളുമാണ് ഹജ്ജില്‍ പെങ്കടുത്തത്. ഹജ്ജിന്റെ പ്രധാന ഘട്ടങ്ങളെല്ലാം സുരക്ഷിതമായി പൂര്‍ത്തിയായതായി സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ സുല്‍ത്താന്‍ അല്‍തുര്‍ക്കി പറഞ്ഞു.