ഓണത്തിന്റെ വരവറിയിച്ച് അത്തപ്പൂക്കളമത്സരം; കാട്ടാക്കട യുവകലാവേദി വിജയികള്‍

single-img
2 September 2017

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പ് ഓണാഘോഷങ്ങളോടനുബന്ധിച്ചു സംഘടിപ്പിച്ച അത്തപ്പൂക്കളമത്സരത്തില്‍ കാട്ടാക്കട യുവകലാവേദി വിജയികള്‍. കാട്ടാക്കട എംഎല്‍എ ഐ ബി സതീഷാണ് വിജയികളെ പ്രഖ്യാപിച്ചത്. അമൃതയുടെ നേതൃത്വത്തിലുള്ള മൂന്നു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമടങ്ങുന്ന സംഘമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇതു മൂന്നാം തവണയാണ് യുവകലാവേദി അത്തപ്പൂക്കളമത്സരത്തില്‍ വിജയികളാകുന്നത്.

മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റോയായിരുന്നു ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ വച്ചു സംഘടിപ്പിച്ച മത്സരം ഉദ്ഘാടനം ചെയ്തത്. മത്സരത്തിനിടെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. മത്സരം ആസ്വദിക്കാനായി ഒട്ടേറെ വിനോദസഞ്ചാരികളും ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ എത്തിയിരുന്നു. സംസ്ഥാനസര്‍ക്കാരിനു വേണ്ടി ടൂറിസം വകുപ്പ് നടത്തുന്ന ഓണാഘോഷപരിപാടികളുടെ ആദ്യദിനം തന്നെ മികച്ച പൊതുജനപങ്കാളിത്തം വഴി ശ്രദ്ധേയമായി.

അന്തരിച്ച സംഗീതസംവിധാനയകന്‍ എം ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണനും സംഘവും വേദിയില്‍ അവതരിപ്പിച്ച തിരുവാതിരകളി പരിപാടിയുടെ മാറ്റുകൂട്ടി.

20000 രൂപയുടെ ക്യാഷ് പ്രൈസാണ് അത്തപ്പൂക്കളവിജയികള്‍ക്കുള്ള സമ്മാനം. നിയമസഭാജീവനക്കാരുടെ ടീം രണ്ടാം സ്ഥാനവും തൃക്കണ്ണാപുരം ടാഗോര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവര്‍ രണ്ടും മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15000 രൂപയും 10000 രൂപയുമാണ് ക്യാഷ് പ്രൈസ്.

വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സെപ്റ്റംബര്‍ 9-ാം തീയതി നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന ഓണാഘോഷങ്ങളുടെ സമാപനചടങ്ങില്‍ വിതരണം ചെയ്യും. പങ്കെടുത്ത മറ്റു ടീമുകള്‍ക്കുള്ള പ്രോത്സാഹനസമ്മാനം വേദിയില്‍ വച്ചു വിതരണം ചെയ്തു.

മൂന്നു മണിക്കൂര്‍ നീണ്ട മത്സരത്തില്‍ പൊതുവിഭാഗത്തില്‍ 89 ടീമുകളും മാധ്യമവിഭാഗത്തില്‍ രണ്ടു ടീമുകളുമാണ് മാറ്റുരച്ചത്. ചെറുകുടുംബങ്ങളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമെല്ലാം ടീമുകളായെത്തിയത് മത്സരം വേറിട്ടതാക്കി.

സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി ഓരോ അഞ്ചംഗ ടീമിലും ഒരു സ്ത്രീയെങ്കിലും ഉണ്ടായിരിക്കണമെന്നതായിരുന്നു നിബന്ധന. ആഗസ്റ്റ് 25-ാംതീയതിയ്ക്കു മുന്‍പായി രജിസ്റ്റര്‍ ചെയ്ത ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.