1990 മുതല്‍ തനിക്ക് ലൈംഗികശേഷി ഇല്ല; പിന്നെങ്ങനെ പീഡിപ്പിക്കുമെന്ന് ഗുര്‍മീത്: അപ്പോള്‍ മക്കളുണ്ടായത് എങ്ങനെയെന്ന് കോടതി

single-img
31 August 2017

ഇന്ത്യയെ ഒട്ടാകെ ഇളക്കി മറിച്ച വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ അറസ്റ്റ് വാര്‍ത്തയ്ക്ക് പിന്നാലെ അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി കഥകളാണ് പ്രചരിച്ചിരുന്നത്. ഇതിനിടയിലാണ് ഗുര്‍മീതിന് സിബിഐ കോടതിയില്‍ പിണഞ്ഞ അബദ്ധം വാര്‍ത്തയായിരിക്കുന്നത്. പീഡനക്കേസില്‍ കോടതിയില്‍ വാദം നടക്കവേ തനിക്ക് ലൈഗിക ശേഷിയില്ലെന്ന് ഗുര്‍മീത് റാം റഹീം സിംഗ് കോടതിയില്‍ വാദിച്ചതായാണ് റിപ്പോര്‍ട്ട്.

1990 മുതല്‍ തനിക്ക് ലൈംഗിക ശേഷിയില്ലെന്നും പീഡനം നടന്നുവെന്ന് പറയുന്നത് 1999 ലാണെന്നും അതിനാല്‍ താന്‍ നിരപരാധിയാണെന്നുമാണ് ഗുര്‍മിത് വാദിച്ചത്. ഈ വാദത്തില്‍ പ്രോസിക്യൂഷന്‍ ഞെട്ടി. കാരണം ഗുര്‍മീതിന്റെ ഈ വാദം തള്ളിക്കളയാനുള്ള തെളിവുകള്‍ പ്രോസിക്യൂഷന്റെ കൈവശം അപ്പോള്‍ ഉണ്ടായിരുന്നില്ല.

മാത്രമല്ല ഗുര്‍മിതിന്റെ ലൈംഗീക ശേഷി പരിശോധന നടത്തിയിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമ്മതിച്ചിട്ടുമുണ്ടായിരുന്നു. ഈയൊരൊറ്റ കാരണം കൊണ്ട് ഗുര്‍മിത് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുമായിരുന്നു. എന്നാല്‍ പ്രതിഭാഗത്തുനിന്നുള്ള സാക്ഷികളിലൊരാളുടെ മൊഴി ആധാരമാക്കിയാണ് ഗുര്‍മിതിന്റെ വാദത്തെ കോടതി തള്ളിക്കളഞ്ഞത്.

പീഡനം നടക്കുന്ന കാലത്ത് ഗുര്‍മിതിന്റെ മക്കള്‍ ആശ്രമത്തിലെ ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെന്ന് സാക്ഷികളിലൊരാളുടെ മൊഴിയില്‍ പറയുന്നുണ്ട്. ഗുര്‍മിതിന്റെ ലൈംഗിക ശേഷിയുടെ ശബ്ദിക്കുന്ന തെളിവുകളാണ് അവരെന്നും അല്ലെങ്കില്‍ മക്കള്‍ തനിക്കുണ്ടായതല്ലെന്ന് ഗുര്‍മീതിന് പറയേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ സിബിഐ കോടതി ഗുര്‍മീതിന്റെ വാദം തള്ളിക്കളയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ജയിലിലേക്ക് കൊണ്ടു പോകും വഴി ഗുര്‍മീത് റാം റഹിം സിങിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്ന് കഴിഞ്ഞ ദിവസം പോലീസിന്റെ വെളിപ്പെടുത്തല്‍ വന്നിരുന്നു. പോലീസ് വാഹനം തടഞ്ഞു നിര്‍ത്തി ഗുര്‍മീതിനെ കടത്തി കൊണ്ടു പോവാന്‍ ആയുധങ്ങളേന്തിയ അനുയായികളെത്തിയെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.

എന്നാല്‍ പോലീസിന്റെ തന്ത്രപൂര്‍വ്വമായ ഇടപെടലില്‍ ആ ശ്രമം പാളുകയായിരുന്നെന്നും ഹരിയാണ ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെകെ റാവു പറയുന്നു. 20 വര്‍ഷം കഠിന തടവുശിക്ഷ വിധിച്ച ഉടനെ സംസ്ഥാനത്തങ്ങോളമിങ്ങോളം അക്രമം അഴിച്ചുവിടാനും ഗുര്‍മീത് അനുയായികള്‍ പദ്ധതിയിട്ടിരുന്നു.

ഗുര്‍മീത് ഒപ്പം കരുതിയിരുന്ന ചുവന്ന പെട്ടി അക്രമം നടത്താന്‍ അനുയായികള്‍ക്ക് നല്‍കുന്ന സിഗ്‌നല്‍ ആയിരുന്നുവെന്നാണ് പോലീസിന്റെ മറ്റൊരു കണ്ടെത്തല്‍. വിധി വന്നു കഴിഞ്ഞാല്‍ നടത്തേണ്ട കാര്യങ്ങളെ കുറിച്ച് വലിയ ഗൂഡാലോചന തന്നെ ഗുര്‍മീത് നടത്തിയിരുന്നു. കോടതി ശിക്ഷ വിധിച്ച ഉടന്‍ തന്നെ തന്റെ ചുവന്ന സ്യൂട്ട്‌കേസ് കൊണ്ടുവരണമെന്ന് അദ്ദേഹം പോലീസിനോടാവശ്യപ്പെട്ടു.

തന്റെ വസ്ത്രങ്ങള്‍ പെട്ടിയിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. എന്നാല്‍ ചുവന്ന പെട്ടി തന്റെ അനുയായികള്‍ക്കായി അദ്ദേഹം കരുതിയ സിഗ്‌നല്‍ ആയിരുന്നു. പെട്ടി കൊണ്ടു വന്നതും അനുയായികള്‍ കോടതിക്ക് പുറത്ത് നിന്ന് പൊടുന്നനെ മുദ്രാവാക്യം വിളി തുടങ്ങി. ചുവന്ന പെട്ടിയിലൂടെ തന്റെ അനുയായികള്‍ക്ക് അക്രമത്തിനുള്ള സന്ദേശം നല്‍കുകയായിരുന്നു ഗുര്‍മീത് എന്ന് അപ്പോഴാണ് മനസ്സിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുര്‍മീതും മകളും കോടതി വരാന്തയിലിരുന്ന് ദീര്‍ഘനേരം സംസാരിച്ചപ്പോള്‍ തന്നെ പോലീസ് അത് വിലക്കിയിരുന്നു. എന്നാല്‍ അവര്‍ ആ നില്‍പ് തുടരുകയായിരുന്നു. ഇതില്‍ ഒരു ഗൂഡാലോചന പോലീസ് മണത്തറിഞ്ഞതു കൊണ്ടാണ് ഗുര്‍മീതിനെയും വഹിച്ചു കൊണ്ടുള്ള പോക്ക് ഇയാളുടെ സ്വന്തം വാഹനത്തില്‍ നിന്ന് പോലീസ് വാഹനത്തിലേക്ക് മാറ്റിയത്. ഗുര്‍മീതിനെ പോലീസ് വാഹനത്തിലേക്ക് മാറ്റിയപ്പോള്‍ തടസ്സവുമായി അദ്ദേഹത്തിന്റെ കമാന്‍ഡോകള്‍ രംഗത്തു വരികയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നുവെന്നും കെ കെ റാവു പറയുന്നു.

വിധിക്ക് ശേഷം പോലീസ് വാഹനത്തില്‍ ഗുര്‍മീത് കയറിയതും മറ്റൊരു വാഹനം കുറുകെ വന്ന് തടഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങളുടെ പിതാജിയെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആയുധധാരികളായ കമാന്‍ഡോകള്‍ ഈ വാഹനത്തില്‍ നിന്ന് പുറത്ത് ഇറങ്ങുകയായിരുന്നു. അവിശ്വസനീയമായ കാര്യം ഗുര്‍മീതിനെ രക്ഷിക്കാന്‍ ആക്രോശിച്ചെത്തിയ കമാന്‍ഡോകള്‍ ഹരിയാന പോലീസിലുള്ളവരായിരുന്നെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ കൂടുതല്‍ പോലീസ് സേനയെത്തി ഈ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. മെഷീന്‍ ഗണ്ണുകള്‍, പിസ്റ്റളുകള്‍, എന്നിവ ഇവരുടെ വാഹനത്തില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും. കമാന്‍ഡോകള്‍ക്കെതിരെ പോലീസ് കേസെടുത്തുവെന്നും കെ കെ റാവു കൂട്ടിച്ചേര്‍ത്തു.