യോഗിക്ക് ജനവിധി തേടാന്‍ പേടി: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; പകരം എംഎല്‍സിയാകും

single-img
30 August 2017

പട്‌ന: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. പകരം ഉത്തര്‍പ്രദേശിലെ നിയമസഭാ കൗണ്‍സിലിലേക്ക് (ലജിസ്ലേറ്റീവ് കൗണ്‍സില്‍) മല്‍സരിക്കാനാണ് തീരുമാനം. വോട്ടര്‍മാരെ നേരിടാതെ ഊടുവഴിയിലൂടെ അധികാരത്തില്‍ തുടരാനാണ് ബിജെപി മുഖ്യമന്ത്രിയുടെ നീക്കം. നിയമസഭയിലേക്കാണെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ജയിക്കുകയും വേണം. ജനങ്ങള്‍ വോട്ട് ചെയ്തില്ലെങ്കില്‍ മുഖ്യമന്ത്രി കസേര പോകും.

എന്നാല്‍ ഉത്തര്‍പ്രദേശില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സംവിധാനമുള്ളതിനാല്‍ ഇതിലേക്ക് തെരഞ്ഞെടുത്താലും അധികാരത്തില്‍ തുടരാം. ജനങ്ങളുടെ വോട്ടില്ലാതെ നാമനിര്‍ദേശത്തിലൂടെ കൗണ്‍സിലില്‍ അംഗമാകാം. നിയമസഭയിലെ മൃഗീയ ഭൂരിപക്ഷം വെച്ച് ബിജെപിക്ക് ഇത് അനായാസം സാധിക്കും.

നിലവില്‍ എംപിയായ യോഗി ആദിത്യനാഥിന് മുഖ്യമന്ത്രിയായി തുടരാന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയോ നിയമസഭാ കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട് വിജയിക്കുകയോ വേണം. എംഎല്‍എ ആകാത്തവര്‍ അധികാരത്തിലെത്തി 6 മാസത്തിനകം തെരഞ്ഞെടുപ്പ് നേരിടണമെന്നാണ് ചട്ടം. ഈ സാഹചര്യത്തിലാണ് ബിജെപി എളുപ്പ വഴി സ്വീകരിച്ചത്.

ആദിത്യനാഥിനു പുറമെ ഉപ മുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ, മന്ത്രി സ്വതന്ത്രദേവ് സിങ് എന്നിവരും ഇതേവഴിയാണ് പിന്തുടരുന്നത്. വരാന്‍ പോകുന്ന എംഎല്‍സി തെരഞ്ഞെടുപ്പില്‍ ഇവരുടെ പേരുള്ള പട്ടിക ബിജെപി പുറത്തിറക്കി.

നാല് എംഎല്‍സി സീറ്റുകളാണ് അടുത്തമാസം ഒഴിവുവരുന്നത്. ഇതിലേക്കായി സെപ്റ്റംബര്‍ 15 ന് തെരഞ്ഞെടുപ്പ് നടക്കും. മുന്‍ മുഖ്യമന്ത്രിമാരായിരുന്ന മായാവതി, അഖിലേഷ് യാദവ് എന്നിവര്‍ എംഎല്‍സി അംഗങ്ങളായിരുന്നു. നിലവില്‍ കാലാവധി കഴിയുന്ന മൂന്ന് സീറ്റുകള്‍ സമാജ് വാദി പാര്‍ട്ടി അംഗങ്ങളുടേതാണ്. ഒരെണ്ണം ബിഎസ്പി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഠാക്കൂര്‍ ജെയ് വീര്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്നതാണ്.