“മൂന്നാംമുറയൊന്നും വേണ്ട; അല്ലാതെ തന്നെ സത്യം പറയും”: പോലീസിന്റെ ഈ നീക്കത്തില്‍ പള്‍സറും ദിലീപും വീണു

single-img
30 August 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിന്റെ തന്ത്രപരമായ നീക്കം തന്നെയാണ് ദിലീപിനെയും പള്‍സര്‍ സുനിയെയും കുടുക്കിയത്. കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിച്ച രീതികളെ കുറിച്ചും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്റ്റൂള്‍ പീജിയെന്‍, റീഡ് മെത്തേഡ് എന്നീ ശാസ്ത്രീയ രീതികളിലൂടെയാണ് അന്വേഷണ സംഘം വിവരം ശേഖരിച്ചത്. ആറുമാസമായി ശാസ്ത്രീയാന്വേഷണ മാര്‍ഗങ്ങളിലൂടെ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.

നടിയില്‍ നിന്നും പണം തട്ടാനാണ് കുറ്റകൃത്യം നടത്തിയതെന്നാണ് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തുടക്കം മുതല്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് സുനിയടക്കമുളളവര്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടയില്‍ മാര്‍ച്ച് എട്ടിനാണ് കേസിലെ ഗൂഢാലോചന, ക്വട്ടേഷന്‍ എന്നിവ സംബന്ധിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഇതേതുടര്‍ന്നാണ് പ്രതികളെ കൊണ്ടു തന്നെ സത്യം പറയിക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷണ സംഘം സ്വീകരിച്ചത്.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നവരെ പുറത്തുള്ള മറ്റ് പ്രതികള്‍ സഹായിക്കുമെന്ന പള്‍സര്‍ സുനിയുടെ വിശ്വാസം തകര്‍ക്കുകയായിരുന്നു പൊലീസ് ആദ്യം ചെയ്തത്. പൊലീസിന്റെ വിശ്വസ്തരായ തടവുപുള്ളികളെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന രീതിയായിരുന്നു സ്റ്റൂള്‍ പീജിയെന്‍. സുനിലിന്റെ സെല്ലിലെത്തി സൗഹൃദം സ്ഥാപിച്ച ഏജന്റുമാരായ തടവുപുള്ളികളുമായി നടത്തിയ സംഭാഷണങ്ങള്‍ പൊലീസ് രഹസ്യമായി റെക്കോര്‍ഡ് ചെയ്തു. ഇങ്ങനെയാണ് കേസിലെ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നതും.

പ്രതികളുടെ ചോദ്യം ചെയ്യലായിരുന്നു അന്വേഷണത്തിലെ രണ്ടാംഘട്ടം. ഇതിനായി സൗഹൃദ ഭാവത്തില്‍ പ്രതികളുടെ മനസ് തുറപ്പിക്കുന്ന റീഡ് മെത്തേഡ് ആണ് ഉപയോഗിച്ചത്. പ്രതികളുമായി അടുത്ത സൗഹൃദം സ്ഥാപിച്ച അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് സുനി പലതും സമ്മതിച്ചത്.

ഷിക്കാഗോ പോലീസ് സയന്റിഫിക് ക്രൈം ഡിറ്റക്ഷന്‍ ലബോറട്ടിയുടെ ഡയറക്ടറായിരുന്ന ജോണ്‍ ഇ റീഡ് വികസിപ്പിച്ചെടുത്ത ചോദ്യം ചെയ്യല്‍ മുറയാണ് റീഡ് മെത്തേഡ്. ഒമ്പത് ഘട്ടങ്ങളിലൂടെയുള്ള ചോദ്യം ചെയ്യല്‍ രീതിയാണ് ഇത്. ഒമ്പത് ഘട്ടങ്ങളിലൂടെയാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

നേരിട്ട് കുറ്റം ആരോപിച്ച് നിഷേധിപ്പിക്കലാണ് റീഡ് മെത്തേഡിന്റെ ആദ്യ ഘട്ടം. തുടര്‍ന്ന് കുറ്റ കൃത്യത്തിന്റെ മുഴുവന്‍ തെളിവുകളും നിരത്തിയ ശേഷം പ്രതിക്കു വേണ്ടി ന്യായീകരണം കണ്ടെത്തലാണ് രണ്ടാം ഘട്ടം. അതിനു ശേഷം തെളിവ് നിരത്തി പ്രതിയുടെ മൊഴി പൊളിക്കുന്നു.