ഗൂഢാലോചനയുടെ ഇരയാണ് താനെന്ന് ദിലീപ്: ‘ശത്രുതയുള്ളവര്‍ തകര്‍ക്കാന്‍ ശ്രമം നടത്തുന്നു’

single-img
30 August 2017

കൊച്ചി: ശത്രുതയുള്ളവര്‍ തകര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഇരയാണു ദിലീപെന്ന് അഭിഭാഷകന്‍. അന്തിമ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ ദിലീപിനെതിരെ ആരോപണം പോലുമില്ലെന്നും ക്വട്ടേഷന്‍ ആണെന്നു സുനി പറഞ്ഞതായി നടിയുടെ പ്രഥമവിവര മൊഴിയിലുണ്ടായിട്ടും പൊലീസ് ഇതേക്കുറിച്ച് അന്വേഷിച്ചില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു.

ഗുഢാലോചനയുമായോ പള്‍സര്‍ സുനിയുമായോ ദിലീപിനെ ബന്ധിപ്പിക്കാന്‍ തെളിവില്ല. 2013 മുതല്‍ പല തീയതികളില്‍ ഗൂഢാലോചന നടത്തി 2017ല്‍ കൃത്യം നടപ്പാക്കി എന്നു പറയുന്നതു യുക്തിസഹമല്ല. ക്രിമിനലായ സുനിയുടെ കുറ്റസമ്മതമൊഴി വിശ്വസിച്ചു ദിലീപിനെ കുടുക്കുകയാണ്. കേസില്‍ കുടുക്കുമെന്നു പറഞ്ഞു സുനി പണം ആവശ്യപ്പെട്ടു ബ്ലാക്‌മെയില്‍ ചെയ്യുന്നതിനെക്കുറിച്ച് ഏപ്രില്‍ 20നു പൊലീസ് മേധാവിക്കു പരാതി നല്‍കിയെങ്കിലും കാര്യമായെടുത്തില്ലെന്നും പ്രതിഭാഗം വാദിച്ചു.

അതേസമയം സുനിയുടെ കുറ്റസമ്മതമൊഴി മാത്രമല്ല, അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മറ്റു തെളിവുകള്‍ ലഭിച്ചിരുന്നെന്നും സുനിയുടെയും ഒമ്പതാംപ്രതി വിഷ്ണുവിന്റെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍, സംശയിക്കപ്പെടുന്ന ചിലരെയും ദിലീപുമായി ബന്ധമുള്ളവരെയും തുടര്‍ച്ചയായി വിളിച്ചിട്ടുണ്ടെന്നു വ്യക്തമാണെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

ഓരോ വ്യക്തിയുടെയും ടവര്‍ ലൊക്കേഷന്‍ വെച്ച് ഫോണ്‍കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചു. 2013ല്‍ കൊച്ചിയിലെ ഹോട്ടലിലായിരുന്നു ഗൂഢാലോചനയുടെ തുടക്കം. 2013 ഏപ്രിലിനും 2016 നവംബറിനുമിടയില്‍ നാലു സ്ഥലങ്ങളില്‍ സുനിയും ദിലീപും ഒന്നിച്ചെത്തിയതിനു മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ തെളിവിനു പുറമേ രേഖകളും സാക്ഷിമൊഴികളുമുണ്ടെന്നും പ്രാസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

സംഭവം നടന്ന ഉടനെയും ജയിലിനുള്ളില്‍നിന്നും സുനി മറ്റു പലരും വഴി ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ദിലീപിന്റെ സഹായി അപ്പുണ്ണിക്ക് എത്തിച്ച കത്ത് ജയിലില്‍ വച്ചു സുനി എഴുതിയതിനു തെളിവായി സിസിടിവി ദൃശ്യങ്ങളും മൊഴികളുമുണ്ട്. ഗൂഢാലോചനയെക്കുറിച്ചു സുനില്‍ മറ്റു ചിലരോടു വെളിപ്പെടുത്തിയിരുന്നു. ഗൂഢാലോചനയുമായി ബന്ധിപ്പിക്കാന്‍ തെളിവുകളുണ്ടെന്നും വാദത്തില്‍ പറയുന്നു.

മുന്‍ വിവാഹം തകര്‍ന്നതിനു പിന്നില്‍ ഉപദ്രവിക്കപ്പെട്ട നടിയാണെന്ന സംശയത്തില്‍ ദിലീപ് ഒന്നരക്കോടി രൂപയ്ക്കു സുനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നും 10,000 രൂപ അഡ്വാന്‍സ് നല്‍കിയെന്നുമാണു പ്രോസിക്യൂഷന്‍ കേസ്. ഗുഢാലോചനയെത്തുടര്‍ന്ന് 2017 ഫെബ്രുവരി 17നു കൃത്യം നടത്തിയപ്പോള്‍ സുനി നടിയെ ക്രൂരമായി ഉപദ്രവിച്ചുവെന്നും കേസുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ഏഴു പ്രതികളെ അറസ്റ്റ് ചെയ്ത് അന്തിമ റിപ്പോര്‍ട്ട് നല്‍കി. ആറു പ്രതികള്‍ ഇപ്പോഴും കസ്റ്റഡിയിലുണ്ട്. ജൂലൈ 10ന് അറസ്റ്റിലായ ദിലീപിന്റെ ആദ്യ ജാമ്യഹര്‍ജി ഹൈക്കോടതി ജൂലൈ 24നു തള്ളിയിരുന്നു. ഗൂഢാലോചനയില്‍ ദിലീപിന്റെ പങ്ക് സംശയിക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുള്ളതും ആരോപണത്തിന്റെ ഗുരുതര സ്വഭാവവും കേസിന്റെ നിര്‍ണായകഘട്ടവും കൂടുതല്‍ പേര്‍ പ്രതികളാകാനുള്ള സാധ്യതയും വിലയിരുത്തിയാണ് മുന്‍പു ജാമ്യം നിഷേധിച്ചതെന്ന് കോടതി ഈ വിധിയിലും ചൂണ്ടിക്കാട്ടി.