എന്റെ വീട്ടില്‍ ചീങ്കണ്ണിയും പാമ്പും വന്നിട്ടില്ല: ബാബു ആന്റണി

single-img
30 August 2017

അമേരിക്കയിലെ ഹുസ്റ്റണില്‍ വെള്ളപ്പൊക്കത്തിനൊപ്പം തന്റെ വീട്ടില്‍ ചീങ്കണ്ണിയും പാമ്പും ഒഴുകിയെത്തിയെന്ന വാര്‍ത്ത ശരിയല്ലെന്ന് നടന്‍ ബാബു ആന്റണി. പുറത്തുവന്ന വാര്‍ത്തയറിഞ്ഞ് നാട്ടില്‍ നിന്നും പലരും വിളിച്ചു. ഹുസ്റ്റണിലെ തന്റെ വീടിന് ഒന്നരമൈല്‍ മാറിയുള്ള വീട്ടിലാണ് മലമ്പാമ്പും ചീങ്കണ്ണിയും കയറിയതെന്നും അദ്ദേഹം പറഞ്ഞു.

ചിത്രങ്ങളും തെറ്റായ വാര്‍ത്തകളും പുറത്തുവന്നതല്ല പ്രധാനപ്പെട്ട കാര്യം. വെള്ളപ്പൊക്കത്തില്‍ ഞാനും എന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം സുരക്ഷിതരാണ്. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും ബാബു ആന്റണി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയോളമായി ഹൂസ്റ്റണിലും സമീപപ്രദേശത്തും വെള്ളപ്പൊക്കം രൂക്ഷമാണ്. ഹാര്‍വി ചുഴലിയെതുടര്‍ന്നുള്ള ശക്തമായ മഴ കാരണമാണ് വെള്ളപ്പൊക്കമുണ്ടായത്.

ബാബു ആന്റണിയുടെ സഹോദരനും ചലചിത്ര നടനും നിര്‍മാതാവുമായ തമ്പി ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് തെറ്റിദ്ധാരണ പരത്തിയത്. കുടുംബസമേതം തമ്പി ആന്റണിയും അമേരിക്കയിലാണുള്ളത്. ഹൂസ്റ്റണില്‍ തന്റെ സഹോദരന്‍ ബാബുവിന്റെ കുടുംബം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് മാറിയെന്ന് കാണിച്ച് തമ്പി ആന്റണി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

വീട്ടില്‍ ചീങ്കണ്ണിയും പെരുമ്പാമ്പുമെത്തിയ ചിത്രമടക്കമാണ് തമ്പിയുടെ പോസ്റ്റ് വന്നത്. ബാബു ആന്റണിയുടെ വീട്ടിലാണ് ചീങ്കണ്ണിയും പെരുമ്പാമ്പും കയറിയതെന്ന് തെറ്റിദ്ധരിച്ച് വാര്‍ത്തകള്‍ പുറത്തു വന്നു. ഇതേതുടര്‍ന്നാണ് ബാബു ആന്റണി വിശദീകരണവുമായി രംഗത്തെത്തിയത്.