ദിലീപിനെതിരെ തെളിവുകള്‍ മുഴുവന്‍ ലഭിച്ചാല്‍ കുറ്റപത്രം ഉടൻ സമര്‍പ്പിക്കുമെന്ന് ഡി.ജി.പി

single-img
29 August 2017

ദിലീപിന്റെ കേസിൽ മുഴുവൻ തെളിവുകളും ലഭിച്ച ശേഷം കുറ്റപത്രം സമർപ്പിക്കുമെന്ന് DGP ലോകനാഥ് ബെഹ്റ. പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. അന്വേഷണ മികവിനുള്ള ഉദാഹരണമാണ് കോടതി പരാമർശമെന്നും ബെഹ്റ കോട്ടയത്ത് പറഞ്ഞു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതി വീണ്ടും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. അത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ദിലീപിന് ഇത്തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ അടുത്തൊന്നും താരത്തിന് പുറത്തിറങ്ങാന്‍ പറ്റില്ലെന്നുറപ്പായി. ഇനിയും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാനുള്ള അവസരമുണ്ടെങ്കിലും എത്രയും പെട്ടെന്ന് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിചാരണ നേരിട്ട് കുറ്റക്കാരനല്ലെന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രം ദിലീപിന് ജയില്‍ മോചിതനാകാന്‍ കഴിയൂ.

കേസില്‍ അന്വേഷണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞതായാണ് ഹൈക്കോടതിയെ പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുള്ളത്. നിശ്ചിതസമയപരിധിയായ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കുന്നതിനാല്‍ ചട്ടമനുസരിച്ചുള്ള ജാമ്യത്തിന് ദിലീപ് അര്‍ഹനല്ല. ഇന്ന് ദിലീപ് അറസ്റ്റിലായി 50 ദിവസം തികയുകയാണ്. ഹൈക്കോടതിയിലെ ബെഞ്ചിലും സുപ്രീംകോടതിയിലും ദിലീപിന് ജാമ്യ ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയും.

എന്നാല്‍ ദിലീപിന് ജാമ്യം തടയുന്നതിന്റെ ഭാഗമായി രണ്ടാഴ്ചക്കുള്ളില്‍ കുറ്റപത്രം നല്‍കാന്‍ കഴിയുമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഗൂഢാലോചന സംബന്ധിച്ച 219 തെളിവുകളുടെ പട്ടിക മുദ്രവെച്ച കവറില്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെടുക്കാനുള്ള സാധ്യത വിരളമാണ്. അവ കിട്ടിയില്ലെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസ്സമില്ലെന്നുള്ള നിയമോപദേശമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.