അമ്മ മകളെ കെട്ടിടത്തിനു മുകളില്‍നിന്ന് താഴേക്കെറിഞ്ഞു കൊലപ്പെടുത്തി

single-img
28 August 2017

ബെംഗളൂരു: മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍നിന്നും ഒന്‍പതു വയസ്സുകാരിയെ അമ്മ താഴേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തി. ജെപി നഗര്‍ സ്വദേശിയായ അഷിക സര്‍ക്കാര്‍(ശ്രേയ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് സ്വാതി സര്‍ക്കാരിനെ പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം 3.30 ഓടെയായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം.

ഉച്ചയോടെ സ്വാതി മകളെ കെട്ടിടത്തിനു മുകളില്‍നിന്ന് താഴേക്കു വലിച്ചെറിയുകയായിരുന്നു. വലിച്ചെറിഞ്ഞയുടന്‍ തന്നെ താഴേയെത്തി അവളെ എടുത്തുകൊണ്ടു തിരിച്ചുപോയി. ശ്രേയയുടെ ശരീരത്തില്‍നിന്ന് രക്തം പോകുന്നതു ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ കാര്യം തിരക്കിയെങ്കിലും സ്വാതി അവരോട് തട്ടിക്കയറി. നിങ്ങള്‍ നിങ്ങളുടെ ജോലി നോക്കൂയെന്നു പറഞ്ഞ അവര്‍ കുഞ്ഞിനെ വീണ്ടും താഴേക്കു വലിച്ചെറിയുകയായിരുന്നു. ശ്രേയയെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

സംഭവത്തിനുശേഷം അവിടെനിന്നു രക്ഷപെടാന്‍ ശ്രമിച്ച സ്വാതിയെ നാട്ടുകാര്‍ ചേര്‍ന്ന് വൈദ്യുതതൂണില്‍ പിടിച്ചുകെട്ടി. തുടര്‍ന്ന് പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തന്റെ മകളെ എന്തും ചെയ്യാനുള്ള അവകാശം തനിക്കുണ്ടെന്നും അതു ചോദ്യം ചെയ്യാന്‍ നിങ്ങളാരാണെന്നു പറഞ്ഞ് പൊലീസിനോടും സ്വാതി തട്ടിക്കയറുകയുണ്ടായി.

ബംഗാള്‍ സ്വദേശികളായ ശ്രേയയും മാതാവ് സ്വാതിയും ഒരു വര്‍ഷമായി ഇവിടെയാണ് താമസിക്കുന്നത്. മുതിര്‍ന്ന ബിസിനസ് അനലിസ്റ്റ് കഞ്ചന്‍ സര്‍ക്കാരിന്റെ ഭാര്യയാണ് സ്വാതി. ടീച്ചറായിരുന്ന ഇവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയാണ്. മുന്‍പും സ്വാതി മകളെ കെട്ടിടത്തിനു മുകളില്‍നിന്ന് വലിച്ചെറിയാന്‍ ശ്രമിച്ചിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.