ബലാല്‍സംഗക്കേസില്‍ ഗുര്‍മീതിന്റെ ശിക്ഷ ഇന്ന്: കലാപ സാധ്യതയെന്ന് മുന്നറിയിപ്പ്

single-img
28 August 2017

ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസില്‍ ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹീമിനുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. ക്രമസമാധാനപ്രശ്‌നം കണക്കിലെടുത്ത് റാം റഹീമിനെ പാര്‍പ്പിച്ചിരിക്കുന്ന റോത്തക്കിലെ ജില്ലാ ജയിലില്‍ തന്നെയാണ് കോടതി പ്രവര്‍ത്തിക്കുക. കനത്ത സുരക്ഷയില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോടതി നടപടികള്‍ തുടങ്ങും

കോടതി വിധിക്കു മുന്നോടിയായി ഡല്‍ഹിയിലെ 11 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ ഇന്നലെ രാത്രി ഡല്‍ഹി പൊലീസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തിയിരുന്നു. അതിനിടെ, സുനൈറ ജയിലില്‍ കഴിയുന്ന റാം റഹിമിനെ കാണണമെന്ന് ആവശ്യപ്പെട്ടെത്തിയ സ്ത്രീയെ സുനൈറ ഔട്ടര്‍ ബൈപ്പാസില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

ഗുര്‍മീത് കുറ്റക്കാരനാണെന്നു വിധിച്ച കഴിഞ്ഞ വെള്ളിയാഴ്ച ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആളിക്കത്തിയ കലാപം ഇന്ന് മൂര്‍ധന്യത്തിലെത്തിയേക്കുമെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. കഴിഞ്ഞദിവസത്തെ ആക്രമണങ്ങളില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു.

ദേര അനുയായികളുടെ അക്രമം രാജ്യതലസ്ഥാന നഗരിയിലേക്കു പടരാതിരിക്കാന്‍ സുരക്ഷാ സേനാംഗങ്ങള്‍ അതീവ ജാഗ്രതയിലാണ്. ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കി. ചെറുസംഘങ്ങളായി റോത്തക്കിലെത്തി പ്രക്ഷോഭം അഴിച്ചുവിടാന്‍ ഗുര്‍മീത് അനുയായികള്‍ പദ്ധതിയിടുന്നുവെന്ന സൂചന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്. റോത്തക്കില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വഴിയിലുടനീളം സുരക്ഷാസേനാംഗങ്ങള്‍ നിലയുറപ്പിച്ചു.

റോത്തക്കിലേക്കെത്തുന്നവര്‍ മതിയായ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ കസ്റ്റഡിയിലെടുക്കുമെന്നു പൊലീസ് അറിയിച്ചു. സൈനിക, അര്‍ധസൈനിക വിഭാഗങ്ങളും പൊലീസും ഉള്‍പ്പെട്ട ത്രിതല സുരക്ഷാ സംവിധാനമാണു ഹരിയാനയിലും പഞ്ചാബിലും ഒരുക്കിയിരിക്കുന്നത്. അര്‍ധസൈനിക സേനയുടെ പൂര്‍ണ നിയന്ത്രണത്തിലാണു റോത്തക് ജയില്‍ പരിസരം. നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശത്തു സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു വെടിയുണ്ടകളെ നേരിടേണ്ടിവരുമെന്നു റോത്തക് ഡപ്യൂട്ടി കമ്മിഷണര്‍ അതുല്‍കുമാര്‍ മുന്നറിയിപ്പു നല്‍കി.

റോത്തക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആക്രമണത്തിനു ജനക്കൂട്ടത്തെ ആഹ്വാനം ചെയ്യാന്‍ സാധ്യതയുള്ള ഏതാനും പേരെ കരുതല്‍ തടങ്കലിലാക്കി. ഡല്‍ഹി – റോത്തക് –ഭട്ടിന്‍ഡ മേഖലയില്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി നിര്‍ത്തിവച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്തി.

ഹരിയാനയിലും പഞ്ചാബിലും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം നാളെ രാവിലെ 11.30 വരെ റദ്ദാക്കി. കലാപവുമായി ബന്ധപ്പെട്ട് ഹരിയാനയില്‍ ഇതുവരെ 552 പേര്‍ അറസ്റ്റിലായി. പിരിഞ്ഞുപോകാന്‍ വിസമ്മതിച്ച് അര ലക്ഷത്തോളം അനുയായികള്‍ സിര്‍സയില്‍ ദേര ആസ്ഥാനത്തു തുടരുകയാണ്.