‘ചാക്കിട്ട് പിടിച്ചിട്ടും’ ഡെല്‍ഹിയില്‍ ബിജെപി തോറ്റു: ബവാനി ഉപതെരഞ്ഞെടുപ്പില്‍ എഎപിക്ക് ജയം

single-img
28 August 2017

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബവാനി നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് വന്‍ ഭൂരിപക്ഷത്തോടെ ആം ആദ്മി പാര്‍ട്ടി തങ്ങളുടെ സീറ്റ് നിലനിര്‍ത്തി. 24,052 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആം ആദ്മി സ്ഥാനാര്‍ഥി രാം ചന്ദര്‍ ബിജെപി സ്ഥാനാര്‍ഥി വേദ് പ്രകാശിനെ തോല്‍പിച്ചത്. പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ചേര്‍ന്ന വേദ് പ്രകാശിനെ തന്നെ തോല്‍പ്പിക്കാനായതും ആപ്പിന്റെ വിജയത്തിന് മാറ്റുകൂട്ടുന്നു.

രാം ചന്ദര്‍ 59,886 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിയുടെ വേദ് പ്രകാശിന് 35,834 വോട്ട് മാത്രമാണ് നേടാനായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരീന്ദര്‍ കുമാര്‍ 31,919 വോട്ടുകളുമായി മൂന്നാം സ്ഥാനത്തായി. വോട്ടെണ്ണലില്‍ ആദ്യ ഒമ്പത് റൗണ്ടിലും കോണ്‍ഗ്രസാണ് മുന്നിലായിരുന്നതെങ്കില്‍ 10ാം റൗണ്ടില്‍ മുന്നിലെത്തിയ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി പിന്നീട് ഓരോ റൗണ്ടിലും ലീഡ് ഉയര്‍ത്തുകയായിരുന്നു

നിയമസഭയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ട കോണ്‍ഗ്രസിന് കഴിഞ്ഞതവണത്തേക്കാള്‍ ഇരട്ടി വോട്ട് നേടാനായെങ്കിലും രണ്ടാമതെത്താന്‍ കഴിഞ്ഞില്ലെന്നത് പാര്‍ട്ടിയുടെ നിലനില്‍പിനെ തന്നെ ബാധിച്ചേക്കാം. അതേസമയം ഈ വര്‍ഷം ആദ്യം രജൗറിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ആം ആദ്മിയില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.