‘വര്‍ഗ്ഗീയ വിഷം ചീറ്റിയ’ ആര്‍എസ്എസ് നേതാവ് ടി.ജി മോഹന്‍ദാസിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
ആര്‍എസ്എസ് നേതാവ് ടി.ജി മോഹന്‍ദാസിനെതിരെ മതസ്പര്‍ദ്ധ വളര്‍ത്തിയതിന് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരം അര്‍ത്തുങ്കല്‍ പൊലീസാണ് കേസെടുത്തത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ അര്‍ത്തുങ്കല്‍ പള്ളിയെക്കുറിച്ച് ട്വിറ്ററില്‍ പ്രതികരിച്ചതിന് സി ആര് പി സി 153 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പള്ളിക്ക് പൊലീസ് സംരക്ഷണം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ക്രൈസ്തവരുടെ ആരാധനാ കേന്ദ്രമായ ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ പള്ളി ഒരു ഹിന്ദു ക്ഷേത്രമായിരുന്നെന്നും ക്രിസ്ത്യാനികള്‍ അത് പള്ളിയാക്കി മാറ്റിയതാണെന്നുമാണ് മോഹന്‍ദാസ് ട്വിറ്ററിലൂടെ പ്രചരിപ്പിച്ചിരുന്നത്. എന്നാലും ഹിന്ദുക്കള്‍ ആ ദിശനോക്കി പ്രാര്‍ത്ഥിക്കുന്നു. അതാണ് വെളുത്തച്ഛന്‍. മാത്രമല്ല ഹിന്ദുക്കള്‍ പ്രാര്‍ത്ഥിക്കുകയും മാലയൂരുകയും ചെയ്യുന്ന വെളുത്തച്ചന് പള്ളിയുടെ പഴയ ശ്രീകോവിലാണെന്നുമാണ് മോഹന്‍ദാസിന്റെ കണ്ടെത്തല്‍.
പളളിയുടെ അള്‍ത്താര പണിക്കിടയില്‍ പൊളിഞ്ഞുവീണ് കൊണ്ടേയിരുന്നു. പരിഭ്രമിച്ച പാതിരിമാര്‍ ജോത്സ്യനെക്കണ്ടു. ആ ഉപദേശ പ്രകാരം ശ്രീകോവിലിന്റെ സ്ഥാനത്തുനിന്നും അള്‍ത്താര മാറ്റി. പഴയ ശ്രീകോവിലിന് നേര്‍ക്ക് നോക്കി ഹിന്ദുക്കള്‍ പ്രാര്‍ത്ഥിച്ച് മാല ഊരാന്‍ തുടങ്ങിയെന്നും മോഹന്‍ദാസ് പറയുന്നു.
വാസ്തവത്തില്‍ അര്‍ത്തുങ്കല്‍ പളളിയില്‍ എഎസ്ഐ ഉദ്ഖനനം നടത്തിയാല്‍ തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ കാണാന്‍ കഴിയും. വെളുത്തച്ഛന്‍ എന്നൊക്കെ നമ്പറടിക്കുന്നവര് അര്‍ത്തുങ്കല്‍ പളളിയുടെ ഉള്‍വശം ഒന്ന് കാണിക്കാന്‍ പോലും കഴിവില്ലാത്തവരാണ്. അര്‍ത്തുങ്കല്‍ ശിവക്ഷേത്രം വീണ്ടെടുക്കുക എന്ന ജോലിയാണ് ഇനി ഹിന്ദുക്കള്‍ ചെയ്യേണ്ടതെന്നും ട്വിറ്ററിലൂടെ മോഹന്‍ദാസ് ആഹ്വാനം ചെയ്യുന്നു.
ശബരിമല ദര്‍ശനം കഴിഞ്ഞെത്തുന്ന ഈ ഭാഗത്തുള്ള അയ്യപ്പഭക്തര്‍ പള്ളിയില്‍ വെളുത്തച്ചന്റെ സവിധത്തിലെത്തി മാലയൂരുന്ന ചടങ്ങുണ്ട്. ഈ ചടങ്ങിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മോഹന്‍ദാസ് പള്ളിക്കെതിരെ വിദ്വേഷ പ്രചരണവുമായി രംഗത്തുവന്നിരിക്കുന്നത്.