സിപിഐ നേതാക്കള്‍ ‘അങ്ങനെ കത്ത് നല്‍കുമെന്ന്’ വിശ്വസിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി

single-img
26 August 2017

തന്നിഷ്ടപ്രകാരമാണ് മന്ത്രി കെ.കെ.ശൈലജ ബാലാവകാശ കമ്മീഷനില്‍ നിയമനങ്ങള്‍ നടത്തിയതെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഐ കത്ത് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ആരോഗ്യമന്ത്രി തന്നെ രംഗത്ത് എത്തി.

സിപിഐ നേതാക്കള്‍ തന്റെയും നേതാക്കളാണെന്നും ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് അവര്‍ കത്ത് നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സിപിഐ അങ്ങനെ കത്ത് നല്‍കുമെന്ന് വിശ്വസിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

കോടിയേരി ബാലകൃഷ്ണന് സിപിഐ നല്‍കിയതായി പറയപ്പെടുന്ന കത്തില്‍ പറയുന്നത് ഇതാണ്. ബാലാവകാശ കമ്മിഷനിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടു സിപിഐ നേരത്തേ ഒരു കത്ത് സിപിഎമ്മിനു നല്‍കിയിരുന്നു. ഒഴിവുകളില്‍ സിപിഐ പ്രതിനിധികളെക്കൂടി പരിഗണിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. എന്നാല്‍ ഇതു പരിഗണിച്ചില്ലെന്നു മാത്രമല്ല, സിപിഐയുടെ പേരിലുള്ള ആളുകളെ അഭിമുഖത്തിനുപോലും ക്ഷണിച്ചില്ലെന്നും പാര്‍ട്ടി പരാതിപ്പെടുന്നു. മന്ത്രി സ്വീകരിച്ച നിലപാടു പ്രതിഷേധാര്‍ഹമാണെന്നാണു സിപിഐ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണു പുതിയ കത്ത് സിപിഎമ്മിനു നല്‍കിയത്.

കോടതി നിര്‍ദേശത്തെത്തുടര്‍ന്നു നിയമനം റദ്ദാക്കിയപ്പോള്‍ ഒഴിവുവന്ന രണ്ടു സ്ഥാനങ്ങളിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ സിപിഐയുടെ പാനലിലുള്ളവരെക്കൂടി പരിഗണിക്കണമെന്നാണു ഇപ്പോഴത്തെ ആവശ്യം. ഇനിയും തങ്ങളെ പരിഗണിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും സിപിഐ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബാലാവകാശ കമ്മിഷന്‍ വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കോടതി നടപടികളെക്കുറിച്ചൊന്നും കത്തില്‍ പ്രതിപാദിക്കുന്നില്ല.