ഗുര്‍മീതിന്റെ ‘അനുഗ്രഹത്തിനായി’ ബി.ജെ.പി മന്ത്രിമാര്‍ നല്‍കിയത് 1.12 കോടി: അക്രമികള്‍ക്ക് നേരെ കണ്ണടച്ച് ബിജെപി സര്‍ക്കാര്‍

single-img
26 August 2017

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ ദേറാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹീം സ്വയം പ്രഖ്യാപിത ആള്‍ ദൈവം എന്ന വിശേഷണത്തില്‍ മാത്രം ഒതുങ്ങുന്നയാളല്ല. മൂന്ന് സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്ക് പുറത്തും പടര്‍ന്നു കിടക്കുന്ന ദേരാ സച്ചാ സൗദ എന്ന ആത്മീയ കൂട്ടായ്മയുടെ അധിപന്‍ സമ്പത്ത് വളര്‍ന്നതോടെ രാഷ്ട്രീയക്കാരുടെയും ഇഷ്ട തോഴനായി മാറുകയായിരുന്നു.

ഹരിയാനയിലെയും പഞ്ചാബിലെയും മന്ത്രിമാരുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും ഇഷ്ടദൈവവും പ്രധാന വോട്ട് ബാങ്കുമായിരുന്നു ഇദ്ദേഹം. കോണ്‍ഗ്രസിനോട് അടുപ്പമുണ്ടായിരുന്ന ഗുര്‍മീത് റാം 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോളില്‍ കൈയിട്ടു പരസ്യമായി പിന്തുണ നല്‍കിപ്പോരുകയായിരുന്നു. തുടര്‍ന്ന് വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഹരിയാനയില്‍ താമരയ്‌ക്കൊപ്പമായിരുന്നു ഗുര്‍മീത് റാം.

തങ്ങളുടെ ഇഷ്ട ദൈവത്തിന് സര്‍ക്കാര്‍ ഫണ്ടും സഹായവും എത്തിക്കുന്നതില്‍ ഒരു കുറവുമുണ്ടാക്കിയിട്ടില്ല ഇവിടെയുള്ള മന്ത്രിമാരും ബന്ധപ്പെട്ടവരും. ആഗസ്ത് മാസം മാത്രം വിവിധ ക്ഷേമ പദ്ധതികള്‍ നടത്തുന്നുവെന്നതിന്റെ പേരില്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ഹരിയാനയിലെ മൂന്ന് ബിജെപി മന്ത്രിമാര്‍ ഗുര്‍മീതിന് സംഭാവന നല്‍കിയത് 1.12 കോടി രൂപയാണ്. ഹരിയാനയിലെ മുതിര്‍ന്ന ബി.ജെ.പി മന്ത്രിമാരായ രാം ബിലാസ് ശര്‍മ്മ, അനില്‍വിജ്, ഗ്രോവര്‍ എന്നീ നേതാക്കളാണ് യാതൊരു മാനദണ്ഡവുമില്ലാതെ ഗുര്‍മീത് റാം സിങ്ങിന് സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും സംഭാവന നല്‍കിയത്.

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കൂടിയായ റാംവിലാസ് ശര്‍മ്മ മാത്രം 51 ലക്ഷം രൂപയാണ് ഗുര്‍മീതിന് സംഭാവന നല്‍കിയത്. ഗുര്‍മീതിന്റെ ജന്മദിനാഘോഷപരിപാടിക്കും, ആശ്രമത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കും വേണ്ടിയാണ് ഇത്രയും തുക മന്ത്രി സംഭാവന ചെയതത്. ജന്മദിനാഘോഷ പരിപാടിക്കെത്തിയ പ്രമുഖ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെല്ലാം തിരിച്ച് പോയതും ഇത്തരത്തില്‍ അകമഴിഞ്ഞ് സംഭാവന നല്‍കി തന്നെ.

കഴിഞ്ഞദിവസം ഗുര്‍മീതിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ച്കുളയില്‍ കൂടിയ ജനങ്ങളെ പ്രതിരോധിച്ചുകൊണ്ടും ശര്‍മ്മ രംഗത്തെത്തിയിരുന്നു. ‘ സമാധാനം ആഗ്രഹിക്കുന്ന ജനത’ എന്നാണ് അവരെ മന്ത്രി വിശേഷിപ്പിച്ചത്. ‘ഇതുവരെ ഒരു പുല്ല് പോലും അവര്‍ നശിപ്പിച്ചിട്ടില്ല.’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

കലാകായിക മത്സരങ്ങളെ ഗുര്‍മീത് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞ് സംസ്ഥാന കായികമന്ത്രിയായ അനില്‍ വിജ്ജ് 50 ലക്ഷം രൂപയാണ് ഗുര്‍മീതിന് സംഭാവന ചെയ്തത്. ഇക്കാര്യം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ പണം തനിക്കിഷ്ടമുള്ളതുപോലെ ചിലവഴിക്കാന്‍ അധികാരമുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. താന്‍ ഇതില്‍ കൂടുതല്‍ സംഭാവന ചെയ്യാന്‍ തയ്യാറാണെന്നും പക്ഷെ അതിന് തനിക്ക് പരിധി നിശ്ചയിച്ച് പോയത് കൊണ്ടാണ് 50 ലക്ഷം രൂപ മാത്രമെന്നാണ് ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അനില്‍ വിജ്ജ് നല്‍കിയ മറുപടി.

അനില്‍ വിജ്ജിന്റെ സംഭാവനയ്ക്ക് തൊട്ട് പുറകെയാണ് സഹകരണവകുപ്പിന്റെയും മറ്റും സ്വതന്ത്ര ചുമതലയുള്ള മന്ത്രി മനീഷ് ഗ്രോവര്‍ 11 ലക്ഷം രൂപ ഗുര്‍മീതിന്റെ അനുഗ്രഹം ലഭിക്കുന്നതിനായി സംഭാവന ചെയ്തത്. യുവാക്കളുടെ വികസനത്തിനായി ഗുര്‍മീത് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഗുര്‍മീതിനെ പോലെയുള്ളവരെ സഹായിക്കേണ്ടത് തന്റെ ബാധ്യതയാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം തനിക്കു ലഭിച്ചെന്നുമാണ് ഇതിനെക്കുറിച്ച് മനീഷ് ഗ്രോവര്‍ പറഞ്ഞത്.

ബലാത്സംഗകുറ്റത്തിന് അകത്തായി ജയിലേക്ക് പോയിട്ടും കോടതി വിധിയുടെ മറവില്‍ കലാപമുണ്ടാവുകയും മുപ്പതിലേറെ പേര്‍ മരിക്കുകയും പൊതുസ്വത്തിന് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്തിട്ടും കഴിഞ്ഞ ദിവസവും ഹരിയാന മന്ത്രിമാര്‍ അടക്കം ഗുര്‍മീതിന് മൗന പിന്തുണ തന്നെയാണ് നല്‍കിയത്. വലിയൊരു കലാപത്തിന് തന്നെ ഗുര്‍മീത് ഭക്തര്‍ ഇവിടെ തിരികൊളുത്തിയിട്ടും സര്‍ക്കാര്‍ അധികൃതരില്‍ നിന്നുള്ള മൗനം ഗുര്‍മീതിന്റെ രാഷ്ട്രീയ സ്വാധീനം തന്നെയാണ് തെളിയിക്കുന്നത്.