എന്തു ചെയ്തിട്ടും താരന്‍ മാറുന്നില്ലേ?: എങ്കില്‍ ഇതൊന്നു പ്രയോഗിച്ചു നോക്കൂ…

single-img
25 August 2017

കൗമാരത്തിലും യൗവനത്തിലുമൊക്കെ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് തലയിലെ താരന്‍ തന്നെയാണ്. കഠിനമായ മുടികൊഴിച്ചില്‍, തലയിലെ ചര്‍മത്തില്‍ നേര്‍ത്ത ശല്‍ക്കങ്ങളും രോമകൂപത്തിനു ചുറ്റും ചുവപ്പും ചൊറിച്ചിലുമായാണ് ഡാന്‍ഡ്രഫ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന താരന്റെ തുടക്കം.

തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങള്‍ ഉതിര്‍ന്നു പോകുന്ന അവസ്ഥയാണു താരന്‍. ത്വക്കില്‍ സ്ഥിതി ചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികള്‍ അധികമായ തോതില്‍ സെബം ഉല്പാദിപ്പിക്കപ്പെടുന്നതുമൂലം താരന്‍ ഉണ്ടാകുന്നു. താരനു പ്രധാന കാരണം മലസ്സീസിയ ഫര്‍ഫര്‍ അഥവാ പിറ്റിറോസ് പോറം ഒവേല്‍ എന്ന ഒരുതരം പൂപ്പലുകള്‍ ആണ്. സാധാരണയായി ശിരോചര്‍മത്തില്‍ വസിക്കുന്ന ഉപദ്രവമുണ്ടാക്കാത്ത ഒന്നാണിതെങ്കിലും ചില സമയങ്ങളില്‍ ഇവ കൂടുതലായി വളര്‍ന്നു പെരുകി താരനുണ്ടാകുന്നു.

അതേസമയം ഇന്ന് താരന്‍ അകറ്റാനും മനോഹരമായ മുടി സ്വന്തമാക്കാനുമായി ഒട്ടേറെ ഹെയര്‍ ട്രീറ്റ്‌മെന്റ് ക്ലിനിക്കുകളുടേയും ബ്യൂട്ടിപാര്‍ലറുകളുടേയും സേവനം ലഭ്യമാണ്. മാത്രവുമല്ല വിവിധതരം മുടി സംരക്ഷണ ഉല്പന്നങ്ങളും വിപണിയില്‍ ലഭിക്കും. എന്നാല്‍ ഇതിനു പിന്നാലെ പോയാല്‍ പണച്ചിലവെന്നു മാത്രമല്ല ഉദ്ദേശിച്ച ഫലം കിട്ടണമെന്നുമില്ല.

മാത്രവുമല്ല അതിലടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ പലതരം അനന്തരഫലങ്ങള്‍ക്കും കാരണമായേക്കാം. കുറച്ചു ക്ഷമയും മുടിസംരക്ഷണത്തിനായി അല്‍പ സമയവും മാറ്റിവെച്ചാല്‍ വീട്ടിലിരുന്ന് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാം. നമ്മുടെ അടുക്കളയിലുള്ള കൊച്ചു സാധനങ്ങളും മുത്തശ്ശിമാരുടെ പൊടിക്കൈകളും താരനകറ്റാനുള്ള ഉത്തമ ഒറ്റമൂലികളാണ്.

മുടി വളരാന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം മുടി കഴുകുന്നതാണ് നല്ലതെങ്കിലും വിയര്‍പ്പും മറ്റും കൂടുതലുള്ള കാലാവസ്ഥയില്‍ ദിവസവും നിര്‍ബന്ധമായും മുടി കഴുകണം. റെഗുലര്‍ ഷാംപൂ ഉപയോഗിക്കുന്നതാണ് ഇതിന് നല്ലത്. ശിരോ ചര്‍മ്മത്തിലും മുടിയിലും വെളിച്ചെണ്ണ നന്നായി തേച്ചു പിടിപ്പിച്ചതിനു ശേഷം അഞ്ചോ പത്തോ മിനിറ്റു വട്ടത്തില്‍ മസാജ് ചെയ്യണം.

അഗ്രം കൂര്‍ത്തതല്ലാത്ത ചീര്‍പ്പുപയോഗിച്ച് നന്നായി ചീകുകയുമാവാം. ഈ രീതി തുടരുന്നതിലൂടെ രക്തചംക്രമണം വര്‍ധിക്കുന്നതിനൊപ്പം മൃതകോശങ്ങള്‍ പൊഴിഞ്ഞു പോവുകയും ചെയ്യും. ശേഷം ഷാംപൂ വെള്ളത്തില്‍ മിശ്രിതമാക്കി മുടി കഴുകണം. ആഴ്ചയില്‍ മൂന്നു തവണ എങ്കിലും ഇങ്ങനെ ചെയ്യുന്നത് താരനകറ്റാന്‍ സഹായിക്കും.

അതുപോലെത്തന്നെ ഉള്ളി, താരനുള്ള നല്ലൊരു മരുന്നാണ്. ചുവന്നുള്ളിയോ സവാളയോ എടുത്ത് ഒട്ടും വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍ അരച്ചു കുഴമ്പ് രൂപമാക്കുക. ഈ മിശ്രിതം ഒരു തുണിയിലാക്കി പിഴിഞ്ഞ് നീരുമാത്രമെടുത്ത് അതു തലയിലേക്ക് പുരട്ടി കുറച്ചു നേരം വയ്ക്കണം. സള്‍ഫര്‍ കണ്ടന്റ് ധാരാളമുള്ള ഉള്ളി താരനെ കളയുന്നതിനൊപ്പം മുടി വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു.

ഇതിനൊപ്പം പുതിനയിലയുടെ നീര്, പുളിച്ച തൈര്, തുളസിയില നീര്, എന്നീ നമ്മുടെ വീടിനകത്തുള്ള കൊച്ചു കൊച്ചു സാധനങ്ങള്‍ വരെ മുടി സംരക്ഷണത്തില്‍ പ്രധാനപങ്കുവഹിക്കുന്നവയാണ്. ബേക്കിംഗ്‌സോഡ ഉപയോഗിച്ച് മുടി കഴുകിയാല്‍ കടുത്ത താരനില്‍ നിന്നും രക്ഷ നേടാന്‍ കഴിയും. ഇതുപോലെ താരനകറ്റുന്ന ഒന്നാണ് കോഴിമുട്ട. ഇതു നല്ലൊരു കണ്ടീഷ്ണര്‍ കൂടിയാണ്. തലേ ദിവസം വെള്ളത്തിലിട്ടുവെച്ച് അരച്ചെടുത്ത ഉലുവ താരനകറ്റാന്‍ ഉത്തമവും മുടിയെ മൃദുലമാക്കുകയും ചെയ്യുന്നു.