മലേഗാവ് സ്‌ഫോടന കേസിലെ പ്രതി ലഫ്.കേണല്‍ പുരോഹിതിന് ജാമ്യം: പുറത്തിറങ്ങുന്നത് 9 വര്‍ഷത്തിനു ശേഷം

single-img
21 August 2017

ന്യൂഡല്‍ഹി: 2008ലെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതി ലഫ്.കേണല്‍ ശ്രീകാന്ത് പുരോഹിതിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജാമ്യം നല്‍കുന്നതിനെ കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ എതിര്‍ത്തെങ്കിലും ജസ്റ്റിസുമാരായ ആര്‍.കെ.അഗര്‍വാള്‍, എ.എം.സപ്രെ എന്നിവര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.

കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ജയിലിലായിരുന്നു പുരോഹിത്. ബോംബെ ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പുരോഹിത് സുപ്രീംകോടതിയെ സമീപിച്ചത്. പുരോഹിതിന് എതിരായ മക്കോക്ക (മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് – എംസിഒസിഎ) കുറ്റം പിന്‍വലിച്ചെന്നും ജാമ്യത്തിന് അര്‍ഹനാണെന്നുമാണ് അഭിഭാഷകനായ ഹരീഷ് സാല്‍വെ വാദിച്ചത്. അതേസമയം, കേസിലെ മറ്റൊരു കുറ്റാരോപിതായ സാധ്വി പ്രജ്ഞ സിങ് താക്കൂറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി ഒക്ടോബര്‍ 10ന് പരിഗണിക്കും.

2008 സെപ്തംബര്‍ 29ന് മഹാരാഷ്ട്രയിലെ മലേഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും നൂറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മോട്ടോര്‍സൈക്കിളില്‍ രണ്ട് ബോംബുകള്‍ കെട്ടിവെച്ചായിരുന്നു സ്‌ഫോടനം. ഇതുമായി ബന്ധപ്പെട്ട് സാധ്വി പ്രഗ്യാ സിംഗ് താക്കൂറിനെയും അറസ്റ്റ് ചെയ്തിരുന്നു. പ്രഗ്യയ്ക്ക് ഈ വര്‍ഷം ഏപ്രിലില്‍ ജാമ്യം അനുവദിച്ചു