‘അങ്ങനെ ഇന്ദ്രജിത്തും ശത്രുലിസ്റ്റിലായി’: ഒടുവില്‍ ദിലീപിന്റെ ‘ആ ചതിയില്‍’ ഇന്ദ്രജിത്ത് വീണു

single-img
21 August 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുമായി മുതിര്‍ന്ന സിനിമാ ലേഖകന്‍ പല്ലിശ്ശേരി. എം.ടി ഹരിഹരന്‍ ടീമിന്റെ ‘ഏഴാമത്തെ വരവ്’ എന്ന സിനിമയുടെ പരാജയത്തിന് കാരണം ദിലീപ് ആണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പല്ലിശ്ശേരി.

സിനിമാ മംഗളത്തിലെ ‘അഭ്രലോകം’ എന്ന പരമ്പരയിലാണ് പല്ലിശേരിയുടെ വെളിപ്പെടുത്തല്‍. ഇന്ദ്രജിത്ത് പ്രധാന വേഷത്തില്‍ എത്തിയ സിനിമ പരാജയപ്പെടാന്‍ കാരണം ദിലീപുമായി ബന്ധമുള്ളവര്‍ ചിത്രം വിതരണത്തിനേറ്റെടുത്തതാണെന്ന് പല്ലിശ്ശേരി പറയുന്നു. സിനിമയിലെ നായകനായ ഇന്ദ്രജിത്ത് ദിലീപിന്റെ ശത്രു ലിസ്റ്റിലുള്ള ആളാണ്. ചിത്രത്തിലെ നായിക കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയും. ഇരുവരോടുമുള്ള പ്രതികാരമായാണ് ദിലീപ് ചിത്രത്തെ തകര്‍ത്തതെന്നും ലേഖനത്തില്‍ പറയുന്നു.

‘2013 എം ടി. തിരക്കഥയെഴുതി ഹരിഹരന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ‘ഏഴാമത്തെ വരവ്’. ആ സിനിമയിലെ നായകന്‍ ഇന്ദ്രജിത്തും നായിക ആക്രമിക്കപ്പെട്ട നടിയുമായിരുന്നു. ഒരു നല്ല സിനിമയായിരിക്കും എന്ന സന്തോഷത്തോടെയാണ് ഞങ്ങള്‍ കാണാന്‍ പോയത്. എന്നാല്‍ അങ്ങനെയൊരു സിനിമ റിലീസ് ചെയ്തിട്ടുണ്ടെന്ന് പബ്ലിസിറ്റി പോലും ഇല്ലായിരുന്നു. മാത്രമല്ല, തിയേറ്ററില്‍ ഹൗസ്ഫുള്‍ എന്ന എഴുതിവച്ച് പ്രേക്ഷകരെ തിരിച്ചയയ്ക്കുകയും ചെയ്തു.

പിന്നീടാണ് ചതി മനസിലായത്. തിയേറ്ററില്‍ വിരലിലെണ്ണാവുന്ന പ്രേക്ഷകര്‍ മാത്രം. ഓണത്തിനിറങ്ങിയ സിനിമയെ ആരോ തകര്‍ക്കുകയായിരുന്നു. ഞങ്ങള്‍ക്ക് വ്യക്തമായി ഒന്നും മനസിലായില്ലെങ്കിലും അതിനു പിന്നില്‍ എന്തൊക്കെയോ കളികള്‍ നടന്നിട്ടുണ്ട്. ദിലീപ് ചതിച്ചതാണെന്ന് സംവിധായകന്‍ ഹരിഹരന്‍ പറഞ്ഞതായി അറിഞ്ഞു. എന്താണ് സത്യാവസ്ഥ?’

സിനിമ തിയേറ്ററില്‍ എത്തിക്കാന്‍ താല്പര്യമാണെന്നു പറഞ്ഞുകൊണ്ട് വിതരണത്തിന് കാസ് കലാസംഘം രംഗത്തുവന്നു. മലയാളാ സിനിമയില്‍ അറിയപ്പെടുന്ന ബാനര്‍. ആ ബാനര്‍ നടന്‍ ദിലീപുമായി ബന്ധമുള്ളതാണ്. ദിലീപ് ഹരിഹരന്റെ സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്ന സമയം. മാത്രമല്ല, അവര്‍ തമ്മില്‍ മറ്റു പ്രശ്‌നങ്ങളും ഇല്ല. കേട്ടിടത്തോളം വിതരണക്കമ്പനി മോശവുമല്ല. അതുകൊണ്ട് അവരുമായി ഹരിഹരന്‍ ധാരണയിലെത്തി. എന്നാല്‍ അതില്‍ ചതി ഒളിഞ്ഞിരിപ്പുണ്ടെന്നു മനസിലായത് പിന്നീടാണ്. അപ്പോഴേയ്ക്കും എല്ലാം തകര്‍ന്നിരുന്നു.

സിനിമ പരസ്യം നല്‍കാതെ, വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്ന തിയേറ്ററുകള്‍ക്ക് നല്‍കാതെയാണ് റിലീസ് ചെയ്തത്. തുടക്കം മുതല്‍ ആ സിനിമ പരാജയപ്പെട്ടു കാണാന്‍ വിതരണക്കാരും പുറകില്‍ നിന്നവരും ശ്രദ്ധിച്ചിരുന്നു. മനഃപൂര്‍വം ഒരു നല്ല സിനിമയെ തകര്‍ത്തത് എന്തിനാണെന്ന് കഴിഞ്ഞ അഞ്ചുമാസം മുമ്പുവരെ മനസിലായിരുന്നില്ല.

എന്നാല്‍ ദിലീപിന്റെ ശത്രു ലിസ്റ്റിലുള്ള ഇന്ദ്രജിത്തിനെയും നടിയെയും നായകനും നായികയുമാക്കിയതിന്റെ പ്രതികാരമായിരുന്നു ഈ ചിത്രം തകര്‍ത്തതിന്റെ പിന്നില്‍. വളരെ തന്ത്രപരമായ ഒതുക്കല്‍. ആ ഒതുക്കലില്‍ വീണുപോയത് നിര്‍മാതാവുകൂടിയായ ഹരിഹരനാണ്. വലിയ സാമ്പത്തികനഷ്ടം തന്നെ ഹരിഹരനുണ്ടായി.

ആ സിനിമ പുറംലോകം കാണാത്ത രീതിയില്‍ ഒതുക്കിയതുകൊണ്ട് ആക്രമിക്കപ്പെട്ട നടിയും ഇന്ദ്രജിത്തും പരാജയപ്പെട്ടു. അതിനുശേഷം ഹരിഹരനും എം ടി.യും പുതിയൊരു സിനിമയെക്കുറിച്ച് ചിന്തിച്ചു. എം ടി. വലിയൊരു പ്രോജക്ട് ഏറ്റെടുത്തു ‘മഹാഭാരതം.’ അതിനിടയില്‍ പൃഥ്വിരാജിനെ നായകനാക്കി ‘സ്യമന്തകം’ എന്ന സിനിമ ചെയ്യാന്‍ ഹരിഹരന്‍ തീരുമാനിച്ചു. അതിന്റെ പ്രവര്‍ത്തനങ്ങളുമായി ഹരിഹരന്‍ മുന്നോട്ടു പോകുമ്പോള്‍ തന്റെ സിനിമയെ തകര്‍ത്ത് രസിച്ച നായകനടന്റെ രൂപം മറക്കാന്‍ കഴിഞ്ഞില്ലെന്നും പല്ലിശ്ശേരി ലേഖനത്തില്‍ പറയുന്നു.