ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മൊബൈല്‍ ഫോണ്‍ വിപണി കീഴടക്കാനെത്തുന്നു: വില 299 രൂപ

single-img
18 August 2017

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മൊബൈല്‍ ഫോണ്‍ വിപണി കീഴടക്കാനെത്തുന്നു. വെറും 299 രൂപ മാത്രം വിലയുള്ള ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത് ഡിറ്റെല്‍ കമ്പനിയാണ്. കമ്പനിയുടെ വെബ്‌സൈറ്റിലൂടെയാണ് ഫോണിന്റെ വില്‍പ്പന.

1.44 ഇഞ്ച് മോണോക്രോം ഡിസ്‌പ്ലേയുള്ള ഫോണില്‍ ഒരു സിംകാര്‍ഡ് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. 650 എംഎഎച്ചാണ് ബാറ്ററിയുടെ ശേഷി. ചെറിയ ഫോണായതിനാല്‍ സ്റ്റാന്‍ഡ് ബൈ ആയി 15 ദിവസം വരെ ചാര്‍ജ്ജ് നില്‍ക്കുമെന്നാണ് കരുതപ്പെടുന്നത്. ടോര്‍ച്ച് ലൈറ്റും എഫ്എമ്മും സ്പീക്കറും ഫോണ്‍ ബുക്കുമെല്ലാം 299 രൂപയുടെ ഫോണിലുണ്ട്.

റിലയന്‍സിന്റെ ജിയോഫോണിന് ഭീഷണിയുയര്‍ത്തി കൊണ്ടാണ് ഡിറ്റെല്‍ ഫോണിന്റെ കടന്നു വരവ്. കഴിഞ്ഞ ജൂലൈ 21നാണ് മുകേഷ് അംബാനി റിലയന്‍സിന്റെ ജിയോഫോണ്‍ അവതരിപ്പിച്ചത്. 1500 രൂപ സെക്യൂരിറ്റിയായി നല്‍കി 4ജി ഫോണ്‍ സ്വന്തമാക്കാമെന്നായിരുന്നു ജിയോയുടെ ഓഫര്‍. ഈ പണം മൂന്ന് വര്‍ഷത്തിന് ശേഷം തിരിച്ചു കിട്ടുകയും ചെയ്യും.

50 കോടി ഉപഭോക്താക്കളെയാണ് ജിയോഫോണ്‍ ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്. ആഗസ്ത് 24 മുതല്‍ ജിയോ ഫോണ്‍ ബുക്കിങ് ആരംഭിക്കും. പ്രതിമാസം 153 രൂപയ്ക്ക് ഈ ഫോണില്‍ ജിയോ ഇന്റര്‍നെറ്റ് സേവനം ലഭിക്കും. ഇന്ത്യയില്‍ നിലവിലുള്ള 78 കോടി ഫോണുകളില്‍ 50 കോടിയും സാധാരണ മൊബൈലുകളാണ്.