വിജയ് ഫാന്സിനോട് മാപ്പ് ചോദിച്ച് അനുശ്രീ
സോഷ്യല്‍മീഡിയയിലെ വിജയ്-സൂര്യ ഫാന്‍ ഫൈറ്റില്‍ വിശദീകരണവുമായി നടി അനുശ്രീ. കഴിഞ്ഞ ദിവസം അനുശ്രീ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഫാന്‍ഫൈറ്റിലേക്ക് നയിച്ചത്. ഇരു ഭാഗത്തുമുള്ള ആരാധകര്‍ വിഷയം ഗൗരവത്തിലെടുത്തതോടെ തന്റെ പോസ്റ്റ് പിന്‍വലിച്ച അനുശ്രീ ഒടുവില്‍ ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.
വിജയിയോടുള്ള ആരാധന മൂലം സണ്ണി വെയ്ന്‍ ചെയ്യുന്ന ഒരു ചിത്രത്തിന്റെ പോസ്റ്ററും സൂര്യയുടെ പിറന്നാളിന് അനുശ്രീ കേക്ക് മുറിക്കുന്ന ഒരു ഫോട്ടോയും ഉള്‍പ്പെടുത്തി ‘ഒന്ന് സിനിമയെങ്കില്‍ മറ്റത് റിയല്‍ ലൈഫ’് എന്ന കാപ്ഷനോടെ നടി തന്റെ പേജിലിട്ട ഒരു ഫോട്ടോയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സൂര്യ എന്ന നടനോടുള്ള ഇഷ്ടം കൊണ്ട് പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ പിന്നീട് താന്‍ പോലും വിചാരിക്കാത്ത തരത്തിലാണ് മറ്റുള്ളവര്‍ കണ്ടതെന്നും അത് പിന്നീട് വലിയൊരു ഫാന്‍ ഫൈറ്റിലേക്ക് നയിച്ചന്നും നടി വ്യക്തമാക്കുന്നു.
‘വിജയ് സാറിനെപ്പോലുള്ള ഒരു വലിയ നടനെ വില കുറച്ച് കാണാന്‍ ഞാന്‍ ആരുമല്ല. നെഗറ്റീവ് ഇമേജ് വരുമെന്ന ഒരു ചിന്തയുണ്ടായിരുന്നെങ്കില്‍ പോസ്റ്റ് ചെയ്യില്ലായിരുന്നു. നിങ്ങള്‍ കരുതുന്നതു പോലെ ചിന്തിച്ചിട്ടു പോലുമില്ല. ആരെങ്കിലും അതില്‍ വേദനിച്ചിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക. വിജയ് സാറിനെ മോശമായി കാണിക്കാന്‍ ആഗ്രഹിച്ചിട്ട് പോലുമില്ല.
മനസ്സില്‍ സൂര്യ സാറിനോടുള്ള ആരാധനയാണുണ്ടായിരുന്നത്. വിജയ് സാര്‍ മഹാനായ നടനാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. ഒരിക്കലും ഇരുവരെയും തമ്മില്‍ താരതമ്യം ചെയ്തിട്ടില്ല. ഒരു വ്യക്തിയെന്ന നിലയില്‍ സൂര്യ ഫാന്‍ ആണെന്നേയുള്ളൂ. ഒരാള്‍ അയച്ചു തന്ന ഒരു ഫോട്ടോ ഇട്ടെന്ന് മാത്രമെന്നും ആര്‍ക്കെങ്കിലും ഇതില്‍ വിഷമം തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും’ താരം ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.
ഇതുവരെ ചേച്ചിയെ ഇഷ്ടമായിരുന്നു, ഇനി മുതല്‍ ഇഷ്ടപ്പെടില്ലെന്നും പലരും പറഞ്ഞു. നിങ്ങളുടെ പിന്തുണയില്ലെങ്കില്‍ ഞാനില്ല. എന്റെ സിനിമകള്‍ തിയേറ്ററില്‍ വരുമ്പോള്‍ നിങ്ങള്‍ കൂവിയാല്‍ പിന്നെ ഞാന്‍ അഭിനയിച്ചിട്ട് കാര്യമില്ല. നിങ്ങളുടെ പിന്തുണ കൊണ്ടു മാത്രമാണ് മുന്നോട്ട് പോവുന്നത്. ഇനിയും അതു വേണം. ഈ സംഭവം കാരണം അതില്ലാതാകരുതെന്നും പുതിയ ചിത്രമായ ‘ആദി’ക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്നും താരം വ്യക്തമാക്കി.