കണ്ണടച്ചുനിന്നാല്‍ സമ്മാനം തരാമെന്ന് പറഞ്ഞ ശേഷം കത്തിയെടുത്ത് ആഞ്ഞ് കുത്തി;ഭര്‍തൃമതിയായ യുവതിയുടെ ജീവനെടുത്തത് കാമുകന്റെ സംശയരോഗം

single-img
12 August 2017

വൈപ്പിന്‍: കൊച്ചിയില്‍ ചെറായി ബീച്ചില്‍ യുവതിയെ കാമുകന്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ അവിഹിത പ്രണയബന്ധത്തിലെ അസ്വാരസ്യങ്ങളാണെന്ന് പൊലീസ്. വരാപ്പുഴ മുട്ടിനകം നടുവത്തുശേരി ഉദയകുമാറിന്റെ മകള്‍ ശീതളാ(29)ണ് മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. സംഭവത്തെത്തുടര്‍ന്നു യുവതിക്കൊപ്പമുണ്ടായിരുന്ന കോട്ടയം നെടുങ്കുന്നം അരണപ്പാറ പാറത്തോട്ടുങ്കല്‍ പ്രസാദിന്റെ മകന്‍ പ്രശാന്തിനെ (28) മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്തൃമതിയായ ശീതളുമായി പ്രശാന്തിനുണ്ടായ വഴിവിട്ട ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രണ്ട് വര്‍ഷമായി യുവതിയും യുവാവും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തിലുണ്ടായ തര്‍ക്കങ്ങളാണ് യുവതിയുടെ ജീവനെടുത്തത്. ആദ്യ വിവാഹത്തിലെ ഭര്‍ത്താവുമായി അകന്നു കഴിഞ്ഞ ശീതളുമായി പ്രണയത്തിലായ പ്രശാന്ത് സംശയരോഗിയായിരുന്നു. ശീതളിന് താന്‍ കൂടാതെ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് തോന്നല്‍ തനിക്കുണ്ടായിരുന്നു എന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ഈ തോന്നല്‍ വളര്‍ന്നതോടെ ഇരുവരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ഇതിനൊടുവിലാണ് യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ യുവാവ് തീരുമാനിച്ചത്.

കേബിള്‍ ടിവി ഓപ്പറേറ്ററായ പ്രശാന്ത്, ശീതളിന്റെ വീടിന്റെ മുകളിലെ നിലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. കൊല നടത്താന്‍ പ്രശാന്ത് ഒരാഴ്ചയായി പദ്ധതികള്‍ മെനയുകയായിരുന്നു. ഇന്നലെയായിരുന്നു കൊലപാതകത്തിനായി ചെറായി ബീച്ച് തെരഞ്ഞെടുത്തത്. വരാപ്പുഴയില്‍ നിന്ന് ഇതിനായി പ്രശാന്ത് കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. രാവിലെ ഒരുമിച്ചെത്തിയ ഇവര്‍ ചെറായി ഗൗരീശ്വരക്ഷേത്രത്തില്‍ തൊഴുതതിനു ശേഷമാണ് 10 നു ബീച്ചില്‍ എത്തിയത്.

കണ്ണടച്ചു നിന്നാല്‍ ഒരു സമ്മാനം നല്‍കാമെന്ന് പ്രശാന്ത് യുവതിയോട് പറഞ്ഞു. യുവതി കണ്ണടച്ചപ്പോള്‍ കത്തിയെടുത്ത് നിരവധി തവണ കുത്തുകയായിരുന്നുമെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. കുത്തേറ്റ യുവതി സമീപത്തെ റിസോര്‍ട്ടില്‍ ഓടിക്കയറി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. തുടര്‍ന്ന് റിസോര്‍ട്ട് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയും യുവതിയെ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നു വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടയിലാണു മരണം സംഭവിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

അതേസമയം തന്നെ കുത്തിയത് പ്രശാന്താണെന്നു പറവൂരിലെ ആശുപത്രിയില്‍വച്ചു യുവതി ഡോക്ടറോടു പറഞ്ഞിരുന്നു. ഇക്കാര്യം ഡോക്ടര്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. കുത്തിയശേഷം ഓടിമറഞ്ഞ നീല ഷര്‍ട്ടിട്ട യുവാവിനെക്കുറിച്ചു നാട്ടുകാര്‍ നല്‍കിയ സൂചനകളനുസരിച്ചു പോലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. ആലുവ ഡിവൈ.എസ്.പി. പ്രഫുല്ലചന്ദ്രന്‍, ഞാറയ്ക്കല്‍ സി.ഐ കെ.ഉല്ലാസ്, പറവൂര്‍ സി.ഐ: ക്രിസ്റ്റിന്‍സാം, മുനമ്പം എസ്.ഐ ജി. അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കേസ് അന്വേഷിച്ചത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.