“ഈ പോസ്റ്റും അബദ്ധമാണല്ലോ സുരേ”: കെ സുരേന്ദ്രനെ കൊന്നുകൊലവിളിച്ച് സോഷ്യല്‍ മീഡിയ
കൊച്ചി: ഒരിടവേളയ്ക്കു ശേഷം കെ സുരേന്ദ്രന് വീണ്ടും ട്രോളര്‍മാര്‍ക്ക് ഇരയായി. സോഷ്യല്‍ മീഡിയയിലൂടെ സുരേന്ദ്രനെ കൊന്നുകൊലവിളിക്കുകയാണ് ട്രോളര്‍മാര്‍ ഇപ്പോള്‍. അബ്ദുള്‍ നാസര്‍ മഅദനിയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിലിട്ട ഒരു കുറിപ്പാണ് സുരേന്ദ്രന് പൊല്ലാപ്പായത്. പരോളില്‍ ഇറങ്ങിയ മഅദനി എന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന് പറഞ്ഞത്.
മഅദനിക്ക് വാര്‍ത്താസമ്മേളനം നടത്താന്‍ അവസരം നല്‍കിയതുമായി ബന്ധപ്പെട്ട് പൊലീസിനെ വിമര്‍ശിച്ചായിരുന്നു സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇവിടെയാണ് ജാമ്യത്തിന് പകരം പരോള്‍ എന്നെഴുതി സുരേന്ദ്രന് സ്വയം കുഴി കുഴിച്ചത്.
ഇതോടെ പരോളും ജാമ്യവും തമ്മിലുള്ള വ്യത്യാസമറിയില്ലേ എന്ന ചോദ്യവുമായി ചിലരെത്തി. പരോളല്ല ബ്രോ, ജാമ്യം എന്ന് ചൂണ്ടിക്കാട്ടിയവരുണ്ട്. ഈ പോസ്റ്റും അബദ്ധമാണല്ലോ സുരേ, ഇങ്ങേര് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ എന്ന് അടുത്ത കമന്റ്.
മഅദനി പരോളിലല്ല, ജാമ്യത്തിലാണ് എന്ന് ചൂണ്ടിക്കാട്ടിയ ഒരു ഉപയോക്താവ്, സുരേന്ദ്രന് പോസ്റ്റു മുക്കാന്‍ സമയമായെന്ന് പറഞ്ഞു പരിഹസിച്ചു. വൈകാതെ തന്നെ സുരേന്ദ്രന് പോസ്റ്റ് എഡിറ്റ് ചെയ്ത് താല്‍ക്കാലിക രക്ഷ പ്രാപിച്ചു. സുരേന്ദ്രനെ പിന്തുണച്ചെത്തിയവരും ഉണ്ട്.
മകന്റെ വിവാഹത്തിനായി കേരളത്തിലെത്തിയ തീവ്രവാദക്കേസിലെ പ്രതി മഅദനിക്ക് തലശ്ശേരിയില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ സൗകര്യമൊരുക്കിയ സംസ്ഥാന പൊലീസിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുരേന്ദ്രന് കുറിപ്പില്‍ പറഞ്ഞിരുന്നു.