മിസോറാം ലോട്ടറി കേരളത്തിലെ വിതരണവും വില്‍പ്പനയും നിര്‍ത്തി വെച്ചു

single-img
9 August 2017

മിസോറാം ലോട്ടറിയുടെ വില്‍പന കേരളത്തില്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി. വില്‍പന നിര്‍ത്തിവെക്കുന്ന കാര്യം മിസോറാം സര്‍ക്കാര്‍ കേരളാ സര്‍ക്കാറിനെ രോഖാമൂലം അറിയിച്ചു. കേരളത്തിലെ പ്രത്യേക സാഹചര്യത്തിലാണ് ലോട്ടറിയുടെ വില്‍പ്പനയും നറുക്കെടുപ്പും നിര്‍ത്തിവെച്ചത്.

ലോട്ടറിയുടെ മൊത്ത വിതരണക്കാരായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഉടമ ഡല്‍ഹി സ്വദേശി മേത്തയടക്കം മൂന്ന് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. 5.67 കോടിയുടെ ലോട്ടറിയും പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ലോട്ടറിയുടെ വിതരണം സ്തംഭിച്ച അവസ്ഥയിലായതോടെയാണ് നടത്തിപ്പ് താത്ക്കാലികമായി നിര്‍ത്തിവെക്കുന്നത്.

മിസോറം ധനമന്ത്രി ലാല്‍സാവ്തയാണു സ്വകാര്യ ചാനലിനോടു നിലപാടു വ്യക്തമാക്കിയത്. വില്‍പന നിയമവിരുദ്ധമെന്നു കാട്ടി സംസ്ഥാന നികുതിവകുപ്പു നല്‍കിയ കത്തു പരിഗണിച്ചാണു നടപടി. മിസോറം ലോട്ടറി വില്‍പനയിലെ ക്രമക്കേടുകള്‍ അക്കമിട്ടു നിരത്തുന്ന സിഎജി റിപ്പോര്‍ട്ട് അടക്കമാണു സംസ്ഥാനം മിസോറം സര്‍ക്കാരിനും കേന്ദ്രത്തിനും കത്തയച്ചത്. വില്‍പന തുടര്‍ന്നാല്‍ മിസോറം ലോട്ടറി ഡയറക്ടര്‍ക്ക് എതിരെ നടപടിയെടുക്കുമെന്നും കത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.