“പള്‍സര്‍ സുനിക്ക് ഉപാധികളോടെ ജാമ്യം”

single-img
8 August 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ കാക്കനാട് മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. നടിയെ ആക്രമിച്ച കേസുള്‍പ്പടെയുള്ള മറ്റു കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഈ കേസില്‍ ജാമ്യം ലഭിച്ചതുകൊണ്ട് സുനിക്ക് പുറത്തിറങ്ങാനാവില്ല.

സുനിയെ കൂടാതെ കേസിലെ മറ്റ് പ്രതികളായ വിജേഷ്, മേസ്തിരി സുനി, വിഷ്ണു എന്നിവര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. 20,000 രൂപയും, തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യം, എറണാകുളം ജില്ല വിട്ടുപോകരുത്, പിടിയിലാകാനുള്ള മറ്റ് പ്രതികളുമായി ബന്ധപ്പെടരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് കാക്കനാട് ജയിലില്‍ വച്ച് സുനി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയത്. ജയിലില്‍ നിന്നും മൊബൈലിലൂടെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, സംവിധായകനും നടനുമായ നാദിര്‍ഷ തുടങ്ങിയവരെ സുനി വിളിച്ചിരുന്നു. പിന്നീട് സുനി ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയതോടെയാണ് ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.