പ്രണയത്തിനും മീതെയല്ല കോടികളുടെ സ്വത്തെന്ന് ഇവള്‍ തെളിയിച്ചു: സ്‌നേഹിച്ച പയ്യനെ കെട്ടാന്‍ ഉപേക്ഷിച്ച സ്വത്ത് എത്രയെന്നോ

single-img
8 August 2017

പണത്തിനു മേല്‍ പരുന്തും പറക്കില്ല എന്ന ഒരു ചൊല്ല് ഉണ്ട് കേട്ടിട്ടില്ലേ ?. പക്ഷെ ആഞ്ചലീന ഫ്രാന്‍സിസ് കോയുടെ കാര്യത്തില്‍ ഇതു നേരെ തിരിച്ചാണ്. കാമുകനെ സ്വീകരിക്കാനായി തനിക്ക് പൈതൃകമായി ലഭിക്കുമായിരുന്ന ഒരു മില്യണ്‍ ഡോളറിന്റെ( ഏകദേശം 6.38 കോടി രുപയുടെ) സ്വത്ത് ഉപേക്ഷിച്ചിരിക്കുകയാണ് ഈ പെണ്‍കുട്ടി.

പ്രണയത്തിന് ജാതിയും മതവും ദേശവും ഭാഷയും സമ്പത്തുമൊന്നുമില്ലെന്നാണ് ആഞ്ചലീന ഫ്രാന്‍സിസ് കോ ഇവിടെ തെളിയിച്ചിരിക്കുന്നത്. മലേഷ്യന്‍ കോടീശ്വരനായ കോ കെ പെങിന്റെ ആദ്യഭാര്യയിലെ അഞ്ചാമത്തെ മകള്‍ തന്റെ സകല സൗഭാഗ്യങ്ങളും വിട്ടെറിഞ്ഞ് വരനായി കണ്ടെത്തിയ യുവാവകട്ടെ കരീബിയക്കാരനായ ഡാറ്റ സയന്റിസ്റ്റ് ജെഡ്ഡിഷ് ഫ്രാന്‍സിസ്.

ഇരുവരും ഓക്‌സ്‌ഫോഡില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കണ്ടുമുട്ടുന്നത്. മെല്ലെ മൊട്ടിട്ട സൗഹൃദം പിന്നെ പ്രണയമായി തളിര്‍ക്കുകയായിരുന്നു. എന്നാല്‍ മകളുടെ ഇഷ്ടം അനുവദിച്ചുകൊടുക്കാന്‍ സമ്പന്നനായ കോ പെങ് ഒരുക്കമായിരുന്നില്ല. എന്നിട്ടും ഫ്രാന്‍സിസിനെ ജീവിതത്തില്‍ നിന്നൊഴിവാക്കാന്‍ ആഞ്ചലീന തയാറായില്ല എന്നതാണ് സത്യം.

‘ഇക്കാര്യത്തില്‍ പിതാവിന്റെ തീരുമാനം തെറ്റാണെന്ന് ഉറപ്പുണ്ട്. പലപ്പോഴും പണം തെറ്റായ വഴികളിലേക്ക് നയിക്കുകയും കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. സത്യത്തില്‍ പണത്തില്‍ നിന്ന് മാറി നടക്കുക എളുപ്പമാണ്. പണത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല’ ആഞ്ചലീന കോ തുറന്നു പറയുന്നു.

സിംഗപൂര്‍ ആസ്ഥാനമായുള്ള സ്‌ട്രൈറ്റ്‌സ് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം 78കാരനായ കോ പെങ് മലയന്‍ യുണൈറ്റഡ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനാണ്. ആഢംബര ബ്രാന്‍ഡുകളുടേയും ഹോട്ടലുകളിലേയും ഓഹരികളാണ് കോ പെങിനെ കോടീശ്വരനാക്കി മാറ്റിയത്. ഫോബ്‌സ് മാസിക 2015ല്‍ പുറത്തിറക്കിയ പട്ടിക പ്രകാരം മലേഷ്യയിലെ 50 ധനികരില്‍ 44ആമതാണ് ഇയാള്‍. 300 മില്യണ്‍ ഡോളറാണ് കോ പെങിന്റെ ആസ്തിയായി കണക്കാക്കുന്നത്.

ഫാഷന്‍ ഡിസൈനറായ ആഞ്ചലീനക്ക് പിതാവിന്റെ സമ്പത്തിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. കോടതി നടപടികള്‍ ആരംഭിച്ചപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ചറിഞ്ഞതെന്നും ആഞ്ചലീന പറയുന്നു. തന്റെ പേരിലുള്ള സമ്പത്തിനെക്കുറിച്ചറിഞ്ഞപ്പോഴും തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്ന് ആഞ്ചലീന ഉറപ്പിച്ചു പറയുന്നു.