ഇങ്ങനെയുമുണ്ടോ കല്യാണം മുടക്കികള്‍!: അമ്മയ്ക്ക് മാറാരോഗമെന്ന് പറഞ്ഞ് ഈ യുവാവിന് മുടങ്ങിയത് 110 വിവാഹാലോചനകള്‍

single-img
7 August 2017

 

കോഴിക്കോട്: അമ്മയുടെ മാറാരോഗം മൂലം മുടങ്ങിയത് 110 വിവാഹാലോചനകള്‍. വിവാഹാലോചനകള്‍ മുടക്കാന്‍ കച്ചകെട്ടി ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയുമായി യുവാവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. എനിക്ക് ജീവന്‍ ഉള്ള കാലം വരെ എന്റെ അമ്മ കൂടെ തന്നെ ഉണ്ടാവും… ഒരു പ്രവാസി യുവാവിന്റെ വാക്കുകളാണിത്. അമ്മയുടെ രോഗത്തിന്റെ പേരില്‍ വിവാഹം മുടങ്ങുന്നതിനെ കുറിച്ച് സുബീഷ് ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

കോഴിക്കോട് സ്വദേശിയും കുവൈറ്റില്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി നോക്കുകയും ചെയ്യുന്ന സുബീഷ് ഇതുവരെ കണ്ടത് 110 പെണ്‍കുട്ടികളേയാണ്. എന്നാല്‍ ഒന്നും അങ്ങ് ശരിയാകുന്നില്ല. ജാതകം ചേരാത്തതാണ് ഒരു പ്രശ്‌നം. മറ്റൊന്നാകട്ടെ അമ്മയുടെ രോഗവും. വലതുകാലില്‍ ബാധിച്ചിട്ടുള്ള ‘മന്താ’ണ് സുബീഷിന്റെ അമ്മയുടെ രോഗം. പല ചികിത്സകള്‍ നടത്തിയെങ്കിലും രോഗം മാറില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു മകളുടെ കുറവില്ലാതെ ചേട്ടന്മാരുടെ ഭാര്യമാര്‍ അമ്മയെ കാര്യമായി പരിചരിക്കുന്നു.

എന്നാല്‍ പ്രശ്‌നം അതൊന്നുമല്ല. പെണ്‍ വീട്ടുക്കാര്‍  തങ്ങളുടെ നാട്ടില്‍ വരുകയാണെങ്കില്‍ നാട്ടില്‍ ഉള്ള ചില കല്യാണ മുടക്കികള്‍ക്ക് പറയുവാന്‍ ആകെ ഉള്ള ഒരു കുറ്റം അമ്മയുടെ രോഗമാണെന്നു സുബീഷ് പറയുന്നു.

ഇത്തരത്തില്‍ കുറെ ആലോചനകള്‍ മുടങ്ങി. പെണ്ണ് കാണല്‍ എന്നത് ഒരു മടി ആയി മാറിയിരിക്കുകയാണെന്നും സുബീഷ് പറയുന്നു. വിവാഹം കഴിഞ്ഞില്ലാ എന്നതല്ല ടെന്‍ഷന്‍. കുടുംബക്കാരുടെ നിര്‍ബന്ധത്തില്‍ പോയി കാണുന്ന ആലോചനകള്‍, അമ്മയുടെ രോഗം കാരണമാണ് മുടങ്ങുന്നതെന്ന അമ്മയുടെ സങ്കടം ആലോചിക്കുമ്പോഴാണ്. അമ്മയെ മാറ്റി നിര്‍ത്തി തനിക്കൊരു കല്യാണം വേണ്ടതാനും. എല്ലാവരെയും പോലെ അമ്മ തനിക്ക് ജീവനാണ്.

ഒരു രോഗം പിടിപ്പെട്ടു എന്ന് കരുതി അമ്മയെ മാറ്റി നിര്‍ത്താന്‍ മാത്രം ദുഷ്ടന്‍ അല്ല താന്‍. ഇതെല്ലാം അറിഞ്ഞു എന്റെ ജീവിതത്തിലേക്ക് വരുന്ന ഒരു പെണ്ണിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. ജാതിയോ മതമോ പണമോ എന്ന വ്യത്യാസം ഇല്ലാതെ മനുഷ്യത്വമുള്ള ഏതൊരു കുടുംബത്തില്‍ നിന്നും, പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ തയ്യാറാണെന്നും യുവാവ് പറയുന്നു.

ഈ രോഗം എന്നത് ആര്‍ക്കും എപ്പോഴും വരാവുന്നതാണ്. ഒരു രോഗി ആയാല്‍ ഉള്ള അവസ്ഥ ഈ കല്യാണ മുടക്കികള്‍ക്ക് അറിയണമെന്നില്ല. കല്യാണ മുടക്കികള്‍ക്ക് അവര്‍ക്ക് കഴിയുന്നത് പോലെ വിവാഹാലോചനകള്‍ മുടക്കാം. തനിക്ക് ജീവന്‍ ഉള്ള കാലം വരെ അമ്മ കൂടെ തന്നെ ഉണ്ടാവുമെന്നും സുബീഷ് പറയുന്നു. ആകെയൊരു പ്രാര്‍ത്ഥനയെ ഉള്ളൂ, ഇതു പോലൊരു രോഗം ആര്‍ക്കും വരാതിരിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് സുബീഷിന്റെ കുറിപ്പ് അവസാനിക്കുന്നത്.