മരണ സര്‍ട്ടിഫിക്കറ്റിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രം

single-img
5 August 2017

ന്യൂഡല്‍ഹി: മരണം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒക്‌ടോബര്‍ ഒന്ന് മുതല്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. മരണപ്പെട്ടയാളെ കുറിച്ചുള്ള വിവരങ്ങളില്‍ വ്യക്തത നല്‍കുമെന്നും ബന്ധുക്കള്‍ നല്‍കിയ വിവരങ്ങളുടെ വ്യക്തത ഉറപ്പു വരുത്താനാകുമെന്നും കാണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ മരണ സര്‍ട്ടിഫിക്കറ്റിന് ആധാര്‍നമ്പര്‍ നിര്‍ബന്ധമാക്കിയത്.

മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന ആള്‍ക്ക് മരിച്ചയാളുടെ ആധാര്‍ നമ്പറോ എന്റോള്‍മന്റെ് ഐഡി നമ്പറോ അറിയില്ലെങ്കില്‍ അത് ഹാജരാക്കേണ്ടതില്ല. പകരം തന്റെ അറിവില്‍ മരിച്ചയാള്‍ക്ക് ആധാര്‍ ഇല്ലെന്ന് വ്യക്തമാക്കി ബന്ധുക്കള്‍ സത്യവാങ്മൂലം നല്‍കണമെന്നായിരുന്നു ഉത്തരവ്.

ആധാര്‍ നല്‍കുന്നതിനേക്കാള്‍ ബുദ്ധിമുട്ടായിരിക്കും ആധാര്‍ ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ എന്നതുകൊണ്ടുതന്നെ ആധാര്‍ നിര്‍ബന്ധമാക്കിയ അവസ്ഥ തന്നെയായിരിക്കും ഇതുമൂലം ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നേക്കുക.

കശ്മീര്‍, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ക്കു തല്‍ക്കാലം നിബന്ധന ബാധകമാവില്ലെന്നും അവിടെ ബാധകമാക്കിക്കൊണ്ടുള്ള ഉത്തരവു പിന്നീടു പുറപ്പെടുവിക്കുമെന്നും ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ കൃത്രിമം കാണിച്ചാല്‍ 2016ലെ ആധാര്‍ നിയമപ്രകാരവും 1969ലെ ജനന, മരണ റജിസ്‌ട്രേഷന്‍ നിയമപ്രകാരവും ശിക്ഷാര്‍ഹമായിരിക്കുമെന്നും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍.ജി.ഐ) നേരത്തെ വിജ്ഞാപനത്തിലൂടെ അറിയിച്ചിരുന്നു.

മരിച്ചയാളെ തിരിച്ചറിയാന്‍ ഒന്നിലധികം രേഖകള്‍ സമര്‍പ്പിക്കുന്നത് ഇതോടെ അവസാനിക്കുമെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ജനന-മരണം രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും വകുപ്പുകളോട് ഇത് സംബന്ധിച്ച സമ്മതപത്രം സെപ്റ്റംബര്‍ ഒന്നിനകം നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഒരു വ്യക്തിയുടെ തിരിച്ചറിയല്‍ സ്ഥാപിക്കുന്നതിന് ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നത് ആധാര്‍ നിയമത്തിലെ 57ാം വകുപ്പ് അനുവദിക്കുന്നുണ്ട്. ജനന-മരണം രജിസ്റ്റര്‍ ചെയ്യുന്നത് ജനന-മരണ രജിസ്‌ട്രേഷന്‍ നിയമത്തിലെ വകുപ്പുകള്‍ക്ക് കീഴില്‍ സംസ്ഥാന സര്‍ക്കാറുകള്‍ രൂപംനല്‍കിയ ചട്ടങ്ങള്‍ക്ക് അനുസൃതമായാണ്.