‘ക്ഷമയ്ക്കും ഒരു പരിധിയുണ്ട്’; ഡോക്ലാം വിഷയത്തില്‍ മുന്നറിയിപ്പുമായി ചൈന

single-img
4 August 2017


ബീജിംഗ്: അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശമായ ഡോക്ലാമില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറാവാത്ത ഇന്ത്യയ്‌ക്കെതിരെ മുന്നറിയിപ്പുമായി ചൈന. ഡോക്ലാമില്‍ അങ്ങേയറ്റത്തെ ക്ഷമയാണ് ചൈന പിന്തുടരുന്നതെന്നും എന്നാല്‍ ആ സംയമനത്തിന് പരിധിയുണ്ടെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതായും സിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

നയതന്ത്ര ചര്‍ച്ചകളിലൂടെ വിഷയത്തില്‍ പരിഹാരം കാണാന്‍ തങ്ങള്‍ പരിശ്രമിച്ചു. മേഖലയില്‍ ശാന്തിയും സമാധാനവും സ്ഥാപിക്കാന്‍ ചൈനീസ് പട്ടാളവും അങ്ങേയറ്റത്തെ കരുതലിലാണ് തുടരുന്നത്. എന്നാല്‍ സംയമനത്തിനും ചില തത്വങ്ങളുണ്ടെന്നും പരിധിയുണ്ടെന്നും’ ചൈനീസ് ആര്‍മി വക്താക്കള്‍ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്.

ചൈനീസ് പട്ടാളത്തിന്റെ കരുത്തിനെ മുന്‍ധാരണയോടെ സമീപിക്കേണ്ടതില്ല. രാജ്യത്തിന്റെ സുരക്ഷയേയും പരമാധികാരത്തേയും വികസന താല്‍പര്യങ്ങളേയും സംരക്ഷിക്കാന്‍ ചൈനീസ് പട്ടാളം എക്കാലവും ബാധ്യസ്ഥരാണെന്നും ആര്‍മി വക്താക്കള്‍ പ്രതികരിച്ചു.

ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ശാന്തിയും സമാധാനവും പുലര്‍ത്തേണ്ടതുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്.

ഭൂട്ടാനിലെ ദോക്ലാം ട്രൈ ജംഗ്ഷനില്‍ ഒരു മാസത്തിലധികമായി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇവിടെ റോഡ് നിര്‍മ്മിക്കാനുള്ള ചൈനയുടെ ശ്രമത്തെ ഇന്ത്യ എതിര്‍ക്കുകയായിരുന്നു. ഇന്ത്യ അന്യായമായി തങ്ങളുടെ മേഖലയില്‍ കടന്നു കൂടിയതെന്നാണ് ചൈനയുടെ വാദം. തുടര്‍ന്ന് ജൂണ്‍ 16നാണ് ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ നേര്‍ക്കുനേര്‍ വന്നത്.

400 പേരടങ്ങുന്ന ഒരു ട്രൂപ്പ് സൈന്യത്തെയാണ് ഇന്ത്യ ഇവിടെ വിന്യസിച്ചിരിക്കുന്നത്. ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല.