റിമ കല്ലിങ്കലും കുടുങ്ങും: കേസെടുക്കാൻ പോലീസ് നിയമോപദേശം തേടി

single-img
1 August 2017

നടി റിമ കല്ലിങ്കലിനെതിരേ കേസെടുക്കാൻ പോലീസ് നിയമോപദേശം തേടി. കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് റിമയ്ക്കെതിരേ കേസെടുക്കാൻ ആലോചിക്കുന്നത്.

ഇരയ്ക്ക് പരാതിയില്ലെങ്കിലും കുറ്റം ഇല്ലാതാവുന്നില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ ആലോചിക്കുന്നത്. പേര് വെളിപ്പെടുത്തിയെന്ന കേസില്‍ നടന്‍ അജു വര്‍ഗീസിനെതിരെ എഫ്ഐആര്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

നടിയുമായി ഒത്തു തീര്‍പ്പുണ്ടായതുകൊണ്ട് മാത്രം എഫ്ഐആര്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. പൊലീസ് അന്വേഷണത്തില്‍ ഇടപെടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

യുവനടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് റിമ ഇരയുടെ പേരു വെളിപ്പെടുത്തിയത്. സംഭവമിങ്ങനെ: ആക്രമണത്തിനിരയായ നടി പേരുവച്ചു പുറത്തിറക്കിയ വാർത്താക്കുറിപ്പ് അതേപടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ റിമ പങ്കുവച്ചിരുന്നു.

നടിയുടെ പേര് ആ കുറിപ്പിന്റെ അവസാനം ഉണ്ടെന്നത് മറ്റുള്ളവര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നു റിമ പിന്നീടു നീക്കം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ആലുവ സ്വദേശി അബ്ദുള്ള പൊലീസിൽ പരാതി നല്‍കിയെങ്കിലും റിമയ്ക്കെതിരെ പരാതിയില്ലെന്ന് ആക്രമിക്കപ്പെട്ട നടി കത്ത് നല്‍കിയതിനാൽ കേസെടുത്തില്ല. സിനിമാമേഖലയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ പ്രധാന അംഗമാണ് റിമ.