വിനായകന്റെ വീട് സന്ദര്‍ശിച്ച് ജിഗ്‌നേഷ് മേവാനി; ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അമിത പ്രതീക്ഷ വേണ്ട

single-img
30 July 2017

തൃശ്ശൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ വിനായകന്റെ വീട് ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി സന്ദര്‍ശിച്ചു. വിനായകന്റെ ഏങ്ങണ്ടിയൂരിലെ വീട്ടിലെത്തിയ ജിഗ്‌നേഷ് വിനായകന്റെ പിതാവ് കൃഷ്ണദാസ്, അമ്മ ഓമന, സഹോദരന്‍ വിഷ്ണുപ്രസാദ് എന്നിവരും പിതൃസഹോദരങ്ങളും നാട്ടുകാരുമായി സംസാരിച്ചു. ഭരണ സംവിധാനങ്ങളുടെയും പോലീസിന്റെയും നിഷ്പക്ഷതയില്‍ ദളിതരും തൊഴിലെടുക്കുന്നവരും ആക്രമിക്കപ്പെടുകയും സമ്പന്നരും ഉന്നതകുലജാതരും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന മാതൃക ആവര്‍ത്തിക്കപ്പെടുകയാണെന്ന് ജിഗ്‌നേഷ് മേവാനി പറഞ്ഞു.

ദളിതരും ദരിദ്രരും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരും കൊള്ളരുതാത്തവരുമെന്ന മുന്‍ വിധിയിലാണ് ഭരണസംവിധാനവും ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ സംഘടനകള്‍ ഊഴമിട്ട് നടത്തുന്ന പ്രതിഷേധം സമര പരിപാടികളുടെ ആരവാരങ്ങള്‍ ഒടുങ്ങുമ്പോള്‍ കേസിനും നിയമ നടപടികള്‍ക്കും എന്തു സംഭവിക്കുന്നു എന്ന ജാഗ്രത സമൂഹവും കുടുംബവും കാണിക്കേണ്ടതുണ്ട്.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അമിത പ്രതീക്ഷ വേണ്ടെന്നും കേസിന്റെ നടപടികള്‍ ശ്രദ്ധിക്കണമെന്നും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കണമെന്നും ജിഗ്‌നേഷ് മേവാനി നിര്‍ദ്ദേശിച്ചു. ശക്തമായ പ്രക്ഷോഭങ്ങളും ബഹുജന സമര്‍ദ്ദവുമില്ലെങ്കില്‍ കേസ് തേച്ചുമാച്ചുകളയാനിടവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂ അധികാര സംരക്ഷണ സമിതി ചെയര്‍മാന്‍ സണ്ണി കപിക്കാട്, ആര്‍എംപി ഐ സംസ്ഥാന ചെയര്‍മാന്‍ ടിഎല്‍ സന്തോഷ്, അഡ്വ. ഭഗത് സിംഗ്, കലാകാരനും ആക്ടിവിസ്റ്റുമായ നജീബ്, ബിനോജ്, എന്നിവരും ജിഗ്‌നേഷിനോടൊപ്പമുണ്ടായിരുന്നു.

തൃശൂര്‍ പാവറട്ടി പോലീസാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. വിനായകന് പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് പോലീസിനെതിരെ ഉയര്‍ന്നത്. പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് വിനായകനെ പോലീസ് കസ്റ്റഡിയിലെടുത്തത്.