പോലീസ് ഉദ്യോഗസ്ഥര്‍ വിരമിച്ചശേഷം ന്യൂസ് മേക്കറാകാന്‍ ശ്രമിക്കരുതെന്ന് ടോമിന്‍ ജെ. തച്ചങ്കരി

single-img
28 July 2017

കോഴിക്കോട്: സേനയുടെ ഭാഗമായി ലഭിച്ച അധികാരങ്ങളും വിവരങ്ങളും ന്യൂസ് മേക്കറാകാനും കയ്യടി വാങ്ങാനും തലപ്പത്തുള്ളവര്‍ ഉപയോഗിക്കുമ്പോള്‍ പൊലീസില്‍ കാലോചിത പരിഷ്‌കാരം സാധിക്കില്ലെന്നു ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി ടോമിന്‍ ജെ. തച്ചങ്കരി. ഒരാളെ വെടിവച്ചു കൊല്ലാന്‍ വരെയുള്ള അധികാരം പൊലീസുകാര്‍ക്കുണ്ട്.

എന്നുകരുതി, ജനശ്രദ്ധ പിടിച്ചു പറ്റാന്‍ അധികാരം ദുരുപയോഗിക്കുകയല്ല വേണ്ടതെന്നും ഓരോ ദിവസവും പത്രത്തില്‍ വരുന്ന വാര്‍ത്തകളും ചിത്രങ്ങളുമാണ് ചിലരുടെ താല്‍പര്യമെന്നും തച്ചങ്കരി പറഞ്ഞു. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി യാത്രയയപ്പു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണ്ടൊരു പൊലീസ് ഉദ്യോഗസ്ഥന്‍ നാട്ടിലെ കടകളെല്ലാം റെയ്ഡ് ചെയ്ത് 550 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. രണ്ടായിരത്തോളം കുടുംബങ്ങളെ വഴിയാധാരമാക്കി. ഒടുവില്‍ ഒരു കേസും കോടതിയില്‍ നിലനിന്നില്ല. ഇതിന്റെ അര്‍ഥം ആ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രയോഗിച്ച അധികാരം ശരിയായ രീതിയില്‍ അല്ലെന്നാണെന്നും തച്ചങ്കരി ചൂണ്ടിക്കാണിച്ചു.

അനധികൃത നിര്‍മാണം ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കി നിയമപരമായി നീങ്ങുന്നതിനു പകരം ജെസിബി എടുത്ത് ഇറങ്ങിയാല്‍ എന്തു ചെയ്യും? ഇപ്പോള്‍, സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ് ഇടിച്ചു നിരത്തിയ കെട്ടിടങ്ങള്‍ക്കു നഷ്ടപരിഹാരം ഈടാക്കി നല്‍കാന്‍. ഗ്ലാമര്‍ ഉണ്ടാക്കാന്‍ ഓരോ ഉദ്യോഗസ്ഥര്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ സര്‍ക്കാരിനു പോലും അവരെ തൊടാന്‍ കഴിയാതെ വരികയാണ്. ഇവരെ തിരുത്താന്‍ സേനയ്ക്കുള്ളിലുള്ളവര്‍ക്കു മാത്രമേ സാധിക്കു എന്നും തച്ചങ്കരി പറഞ്ഞു.

പൊലീസിന്റെ മേശപ്പുറത്തെ ഒരോ ഫയലും ഓരോ ബ്രേക്കിങ് ന്യൂസുകളാണ്. എന്നുകരുതി അതെല്ലാം വിളിച്ചു പറയാന്‍ പാടുണ്ടോ. സേനയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ ഒരുപാടു രഹസ്യ വിവരങ്ങള്‍ പൊലീസുകാര്‍ക്കു ലഭിക്കും. സേനയില്‍ നിന്നു വിരമിച്ചെന്നു കരുതി അതെല്ലാം വിളിച്ചു പറയാമെന്ന ധാരണ തെറ്റാണ്.

ഇന്ത്യന്‍ ആര്‍മി ജനറല്‍ വിരമിച്ച ശേഷം സേനാ രഹസ്യങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ എന്താകും സ്ഥിതി? സര്‍ക്കാരില്‍ നിന്നു പെന്‍ഷന്‍ കൈപ്പറ്റുന്നത് ഒരുതരം കരാറാണ്, മരണം വരെയും സേനയുടെ ഭാഗമാണെന്ന കരാര്‍. ജനങ്ങളുടെ സേവകനാണ് പൊലീസുകാരന്‍ എന്ന മാനസിക അവസ്ഥ കൈവരിക്കാതെ പുതിയ ആകാശവും പുതിയ ഭൂമിയും പുതിയ പൊലീസും യാഥാര്‍ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.