അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി

single-img
28 July 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. അപ്പുണ്ണിയെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കേസില്‍ പ്രതിയാക്കുമോ എന്ന് തീരുമാനിക്കാന്‍ കഴിയൂ എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. കേസില്‍ അപ്പുണ്ണിയെ നിലവില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇപ്പോള്‍ അപ്പുണ്ണി ഒളിവിലാണ്.

നടിയെ അക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച് ദിലീപിന്റെ മാനേജറായ അപ്പുണ്ണിക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവുമായി ഏലൂരില്‍ വെച്ച് അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതും പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ അപ്പുണ്ണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം കേസില്‍ നിര്‍ണായകമാണ്.

കേസിലെ പ്രതി സുനില്‍കുമാറുമായി തനിക്ക് ബന്ധമില്ലെന്നും മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനമാക്കിയാണ് പോലീസ് തന്നെ പ്രതിയാക്കുന്നതെന്നുമാണ് അപ്പുുണ്ണിയുടെ ജാമ്യഹര്‍ജിയില്‍ പറയുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് അപ്പുണ്ണിക്ക് അറിവുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. എന്നാല്‍ ഒളിവില്‍ കളിയുന്ന അപ്പുണ്ണിയെ ഇതുവരെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.