റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തു: നിര്‍ണായക അറസ്റ്റ് ഉടന്‍?

single-img
27 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടിയും ഗായികയുമായ റിമി ടോമിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. പൊലീസ് റിമിയെ വിളിച്ചുവരുത്തിയാണോ അതോ ഫോണിലൂടെയാണോ ചോദ്യം ചെയ്തത് എന്നതു വ്യക്തമല്ല.

നടിയെ ആക്രമിച്ച വിവരം എങ്ങനെ അറിഞ്ഞു? ഇതിനുശേഷം ആരെ വിളിച്ചു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പ്രധാനമായും ആരാഞ്ഞത്.

ദിലീപുമായി സാമ്പത്തിക ഇടപാടുകളുണ്ടോ എന്നും ആരാഞ്ഞു. ചില ഉത്തരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നു പൊലീസ് വിലയിരുത്തി. റിമിയെ വിശദമായി വീണ്ടും ചോദ്യം ചെയ്‌തേക്കും.

റിമി ടോമിക്ക് ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് റിമി ടോമിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

കേസുമായി ബന്ധപ്പെട്ട് പുതിയ ചില വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. റിമി ടോമിയെ വീണ്ടും വിശദമായി ചോദ്യം ചെയ്യുമെന്ന സൂചനയും അന്വേഷണസംഘം നല്‍കുന്നു.