55 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

single-img
26 July 2017

തിരുവനന്തപുരം: വിവിധ വകുപ്പുകളിലായി 55 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ (ഇംഗ്ലീഷ്, പൊളിറ്റിക്‌സ്, സംസ്‌കൃതം), മെഡിക്കല്‍ കോളേജുകളില്‍ സ്റ്റാഫ് നഴ്‌സ്, തസ്തികമാറ്റം ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, കോളേജ് ലക്ചറര്‍ (ബയോകെമിസ്ട്രി) ഉള്‍പ്പെടെ 55 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം തയ്യാറാക്കാനാണ് പി.എസ്.സി യോഗം തീരുമാനിച്ചത്.

ഓഗസ്റ്റ് 18ല്‍ ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ഇംഗ്ലീഷ് ലക്ചറര്‍ നിയമനത്തിനുള്ള റാങ്ക്പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചു. 582 പേരുടെ ഏകീകൃത റാങ്ക്പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. ഭിന്നശേഷിക്കാരായ അഞ്ചുപേര്‍ക്കായുള്ള പട്ടികയുമുണ്ട്. ഹൈക്കോടതിയുടെ അന്തിമ വിധിയനുസരിച്ചായിരിക്കും ഈ തസ്തികയിലേക്ക് നിയമന ശുപാര്‍ശ അയയ്ക്കുന്നത്.

നിലവില്‍ 150ഓളം ഒഴിവുകളുള്ളതായാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍/സീനിയര്‍ ലക്ചറര്‍ നിയമനത്തിനായി ഓണ്‍ലൈന്‍ പരീക്ഷ നടത്തും. എന്‍.സി.സി./സൈനികക്ഷേമ വകുപ്പില്‍ താഴ്ന്നവിഭാഗം ജീവനക്കാരില്‍ നിന്ന് തസ്തികമാറ്റം വഴിയുള്ള എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയ്ക്ക് 40 ശതമാനവും അതില്‍ കൂടുതലും മാര്‍ക്കുള്ളവരെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ സാധ്യതാപട്ടിക തയ്യാറാക്കും.