ഇഷ്ട ഭക്ഷണം, സ്വകാര്യ എല്‍ഇഡി ടിവി, ജയിലിലെ ചിന്നമ്മയുടെ വിഐപി ജീവിതം വെളിപ്പെടുത്തി ഡിഐജി രൂപ

single-img
23 July 2017

ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ അകത്തായി ബെംഗളൂരു ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് പ്രത്യേക ടെലിവിഷന്‍ ഉള്‍പ്പെടെ നിരവധി വിഐപി പരിഗണനകള്‍ ലഭിച്ചിരുന്നതായി ഡിഐജി ഡി.രൂപയുടെ കൂടുതല്‍ വെളിപ്പെടുത്തല്‍.

അഞ്ചു സെല്ലുകളില്‍ നിന്ന് തടവുകാരെ ഒഴിവാക്കി ഒരു ഇടനാഴി മുഴുവന്‍ ശശികലയ്ക്ക് അനുവദിച്ചു. പ്രത്യേക കിടക്കയും വിരിയും നല്‍കി. സെല്ലില്‍ സ്വന്തമായി എല്‍ഇഡി ടിവിയും ശശികലയ്ക്ക് അനുവദിച്ചുവെന്ന് ടെലിവിഷന്‍ അഭിമുഖത്തില്‍ രൂപ പറഞ്ഞു. ചിന്നമ്മയക്ക് ജയിലില്‍ പ്രത്യേക വിഐപി പരിഗണനകള്‍ കിട്ടുന്ന ദൃശ്യങ്ങള്‍ ഇതിനു മുന്‍പ് തന്നെ ഒരു പ്രമുഖ കന്നട ചാനല്‍ പുറത്തുവിട്ടിരുന്നു. ജയിലില്‍ പട്ടുവസ്ത്രമണിഞ്ഞു പാത്രവുമായി സിസി ക്യാമറയുടെ മുന്നിലൂടെ നടന്നു പോകുന്ന ചിത്രമായിരുന്നു അന്നു പ്രചരിച്ചിരുന്നത്.

ജയില്‍ ഡിജിപിയടക്കം പലര്‍ക്കും രണ്ടു കോടി രൂപ കൈക്കൂലിയായി നല്‍കിയാണ് ജയിലില്‍ ഈ പ്രത്യേക പരിഗണന നേടിയെന്നാണ് ചാനല്‍ അന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ പ്രത്യേക പരിഗണനകള്‍ ചൂണ്ടിക്കാണിച്ച് രൂപ നേരത്തെ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഇവരെ ജയില്‍ ചുമതലയില്‍ നിന്നും മാറ്റിയിരുന്നു.

ആദ്യ ദിവസം ജയിലില്‍ പോയപ്പോള്‍ ശശികല അവരുടെ സ്വന്തം വസത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. ജയില്‍ അടുക്കളയില്‍ ശശികലയക്ക് അവരുടെ ഇഷ്ടത്തിന് പ്രത്യേക ഭക്ഷണം നല്‍കി. സെല്ലില്‍ പ്രത്യേക എല്‍.ഇ.ഡി ടെലിവിഷനെ പറ്റി ചോദിച്ചപ്പോള്‍ മറ്റുതടവുപുള്ളികള്‍ക്കും ഇത് ഉപയോഗിക്കാം എന്നായിരുന്നു മറുപടി. പക്ഷെ, ഒരു പ്രതിക്ക് മാത്രമായി ജയിലുകളില്‍ ടിവി അനുവദിക്കാറില്ലെന്നും 40-60 പേര്‍ വരെയാണ് ഒരു ടിവി ഉപയോഗിക്കുകയെന്നും രൂപ പറഞ്ഞു.

അതേസമയം, ശശികലയ്ക്ക് ഇപ്പോൾ ‘വിഐപി’ പരിഗണനയില്ല. പുതുതായി ചുമതലയേറ്റ പ്രിസണ്‍സ് എഡിജിപി എന്‍.എസ് മേഘരിക് ജയില്‍ പ്രവര്‍ത്തന ചട്ടങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് ശശികല വീണ്ടും സാധാരണ തടവുകാരിയായത്. ഇനി മുതല്‍ പ്രത്യേക ഭക്ഷണവും ഇഷ്ടമുറിയും ഇഷ്ടവേഷവുമൊന്നും ചിന്നമ്മയ്ക്ക് ലഭിയ്ക്കിലെന്നു സാരം.