ദിലീപിന്റെ വിദേശ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും; ‘ഫെമ’ പ്രകാരം കേസെടുക്കാന്‍ സാധ്യത

single-img
23 July 2017

കൊച്ചി: പ്രമുഖ നടിയെ ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ അറസ്റ്റിലായ നടന്‍ ദീലിപ് നടത്തിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് നടന്റെ വിദേശത്തുള്ള അടുത്ത ബന്ധുവിന്റെ നീക്കങ്ങളും സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കാന്‍ തുടങ്ങി. ചുരുങ്ങിയ കാലം കൊണ്ട് വമ്പന്‍ ആസ്തി സമ്പാദിച്ച താരം നിരവധി സാമ്പത്തിക തിരിമറികള്‍ നടത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്.

മലയാള സിനിമകള്‍ വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവകാശം നേടുന്നതിനുള്ള ഓവര്‍സീസ് റൈറ്റിനു ലഭിക്കുന്ന തുക നായക നടന്മാര്‍ക്കു ലഭിക്കുന്ന പതിവാണു നിലനില്‍ക്കുന്നത്. ഈ തുക ദിലീപ് വിദേശ നിക്ഷേപമാക്കി മാറ്റിയതായുള്ള ആരോപണങ്ങളും സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. തുകയില്‍ കുറെ ഭാഗം നികുതി വെട്ടിക്കാന്‍ കുഴല്‍പണമായും നാട്ടിലെത്താറുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന സൂചന.

ഇതു ബോധ്യപ്പെട്ടാല്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ) പ്രകാരം കേസെടുക്കാനാണു നീക്കം. ഇതിനുള്ള തെളിവെടുപ്പുകള്‍ അന്തിമ ഘട്ടത്തിലാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം മുന്നേറുന്നത്. കേരളാ പൊലീസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ലഭ്യമായ രേഖകള്‍ പരിശോധിച്ചു തുടങ്ങി.

ഒരു സിനിമയില്‍ അഭിനയിക്കാന്‍ ദിലീപ് രണ്ടര മുതല്‍ മൂന്ന് കോടി വാങ്ങുമെന്നാണ് കണക്ക്. ഇതും രണ്ട് കൊല്ലത്തിനപ്പുറം. നൂറു സിനിമകളോളം അഭിനയിച്ചുള്ള ദിലീപിന് പിന്നെ എങ്ങനെ 800 കോടി രൂപ ആസ്തിയുണ്ടായി എന്നതാണ് കേന്ദ്ര സാമ്പത്തിക അന്വേഷണ സംഘങ്ങളെ ഞെട്ടിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പുതന്നെ ദിലീപിന്റെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിരുന്നു.

ദിലീപടക്കമുള്ള ചില താരങ്ങള്‍ ആറേഴുവര്‍ഷം കൊണ്ട് ഉണ്ടാക്കിയ സമ്പത്തിന്റെ യഥാര്‍ഥ സ്രോതസ് എന്താണെന്ന വിവരവും തേടുന്നുണ്ട്. താരക്രിക്കറ്റിന്റെ നടത്തിപ്പ് സംബന്ധിച്ചും ചില വിവരങ്ങള്‍ ഏജന്‍സികള്‍ക്ക് ലഭിച്ചതായാണ് വിവരം. ചില സിനിമകള്‍ നിര്‍മ്മിച്ച ശേഷം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നിര്‍മ്മാതാക്കളാകുന്നു. പത്ത് കോടി പോലും മുടക്കി സിനിമ എടുക്കുന്നു. ഇതെല്ലാം കള്ളപ്പണത്തിന്റെ സ്വാധീനം മൂലമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ നടക്കും.

അതേസമയം കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും. ദിലീപിന്റെ ഒളിവില്‍ കഴിയുന്ന സഹായി സുനില്‍ രാജിനെ(അപ്പുണ്ണി) കണ്ടെത്താന്‍ ഇതുവരെ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.