മെഡിക്കല്‍ കോഴ: ബിജെപി നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസ്

single-img
22 July 2017

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ രണ്ട് പാര്‍ട്ടി നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായ കെ.പി ശ്രീശന്‍, എ.കെ.നസീര്‍ എന്നിവര്‍ക്കാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയത്. തിങ്കളാഴ്ച മൊഴിയെടുക്കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

കോഴ നല്‍കിയതായി ആരോപണമുള്ള വര്‍ക്കലയിലെ മെഡിക്കല്‍ കോളേജ് ഉടമ ആര്‍.ഷാജിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി, പരാതി നല്‍കിയ തിരുവനന്തപുരം നഗരസഭാ മുന്‍ കൗണ്‍സിലര്‍ സുകാര്‍ണോയുടെ മൊഴി ഇന്ന് വിജിലന്‍സ് രേഖപ്പെടുത്തി. തിരുവനന്തപുരം പ്രത്യേക യൂണിറ്റിലെ എസ്.പി കെ.ജയകുമാറാണ് മൊഴിയെടുത്തത്.

സ്വാശ്രയ കോളേജിന് മെഡിക്കല്‍ കോളേജ് അംഗീകാരം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണമാണ് വിജിലന്‍സ് പരിശോധിക്കുക. കെ.പി ശ്രീശനും എ.കെ നസീറുമുള്‍പ്പെട്ട പാര്‍ട്ടി അന്വേഷണ കമ്മീഷനാണ് കോഴ വാങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്.

തെളിവുകള്‍ ലഭിച്ചാല്‍ രണ്ടു സാധ്യതകളാണ് വിജിലന്‍സിന് മുന്നിലുള്ളത്. കേസ് രജിസറ്റര്‍ ചെയ്ത് അന്വേഷണം നടത്തുക, അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട മെഡിക്കല്‍ കൗണ്‍സിലില്‍ നിന്നു വരെ വിവരങ്ങള്‍ ശേഖരിക്കേണ്ടതിനാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറുക എന്നതാണ്.

അതേസമയം കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് സാധുതയുണ്ടോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.