സൗജന്യ കോളുകള്‍; അണ്‍ലിമിറ്റഡ് ഡേറ്റ: ഞെട്ടിക്കുന്ന ഓഫറുകളുമായി ജിയോ

single-img
21 July 2017

മുംബൈ: ടെലികോം രംഗത്തെ ഞെട്ടിച്ചുകൊണ്ട് ലോകത്തെ ആദ്യത്തെ സൗജന്യ 4ജി സ്മാര്‍ട് ഫോണ്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. രാജ്യത്തെ എല്ലാവര്‍ക്കും സൗജന്യമായി 4ജി ഫോണാണ് ജിയോയുടെ വാഗ്ദാനം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓഫറുമായാണ് റിലയന്‍സ് രംഗത്തെത്തിയിരിക്കുന്നത്.

ഓഗസ്റ്റ് 15 മുതല്‍ 153 രൂപയ്ക്ക് ജിയോ ഫോണ്‍ വഴി അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുമെന്നതാണ് പ്രധാന പ്രഖ്യാപനം. ജിയോ ഫോണില്‍നിന്നുള്ള എല്ലാ വോയിസ് കോളുകളും മെസേജുകളും സൗജന്യമാണ്. മാസം 153 രൂപ നല്‍കാനില്ലാത്തവര്‍ക്കു ചെറിയ ഡേറ്റാ പ്ലാനുകളുമുണ്ട്. രണ്ട് ദിവസത്തേക്ക് 24 രൂപയ്ക്കും ഒരാഴ്ചത്തേക്ക് 54 രൂപയ്ക്കുമുള്ള പ്ലാനുകള്‍ ആണുള്ളത്.

സൗജന്യമായി നല്‍കുമെന്നാണ് പ്രഖ്യാപനമെങ്കിലും ‘ജിയോ സ്മാര്‍ട്‌ഫോണ്‍’ സ്വന്തമാക്കാന്‍ 1,500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കണം. ഈ തുക മൂന്നു വര്‍ഷത്തിനുശേഷം പൂര്‍ണമായും ഉപയോക്താവിനു തിരിച്ചുനല്‍കുമെന്നും ഫോണിന്റെ ദുരുപയോഗം തടയാനാണ് ഈ തുക വാങ്ങുന്നതെന്നും കമ്പനി വ്യക്തമാക്കി.

മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക ജനറല്‍ യോഗത്തില്‍ കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഫോണ്‍ പുറത്തിറക്കിയത്. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഈ ഫോണെന്നും ഇന്ത്യയിലെ 50 കോടി സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ ജീവിതത്തെ മാറ്റുന്ന വിപ്ലവമാണ് ജിയോ ഫോണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ 22 ഭാഷകള്‍ ഈ ഫോണ്‍ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപനം നടത്തികൊണ്ട് ജിയോ സ്മാര്‍ട് ഫോണിന്റെ പ്രത്യേകതകള്‍ അംബാനിയുടെ മക്കളായ ആകാശ് അംബാനിയും ഇഷ അംബാനിയും ചേര്‍ന്നാണ് സദസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.

വോയിസ് റെക്കഗ്‌നിഷന്‍ സിസ്റ്റം വഴി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഫോണില്‍ നിന്ന് 5 ബട്ടന്‍ അമര്‍ത്തിയാല്‍ അപായസന്ദേശം പോകും. വോയിസ് റെക്കഗ്‌നിഷന്‍ വഴി പ്രധാനമന്ത്രിയുടെ മന്‍ കി ബാത് റേഡിയോ പ്രഭാഷണ പരമ്പരയുടെ ഒരു ഭാഗം ആകാശ് കേള്‍പ്പിച്ചു. ഫോണ്‍ ടി വിയുമായി കണക്ടുചെയ്താല്‍ പരിപാടികള്‍ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. ജിയോ ഫോണിനൊപ്പം ജിയോഫോണ്‍ ടിവി കേബിള്‍ കൂടി ഉപഭോക്താക്കള്‍ക്കു നല്‍കും. ഏതു ടിവിയുമായും ഈ കേബിള്‍ വഴി ജിയോ ഫോണ്‍ ബന്ധിപ്പിക്കാം.

512 എംബി റാമും 4 ജിബി ഇന്റേണല്‍ മെമ്മറിയും ഉള്ളതാണ് ഫോണ്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സംഭരണശേഷി വര്‍ധിപ്പിക്കാനാകും. എന്‍എഫ്‌സി വഴിയുള്ള ഡിജിറ്റല്‍ പേമെന്റും ഫോണിലൂടെ സാധ്യമാവും.

ജിയോ സിനിമ, ജിയോ മ്യൂസിക് എന്നീ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുന്നതാണ് ഫീച്ചര്‍ ഫോണ്‍. ആല്‍ഫ ന്യൂമറിക് കീ പാഡ്, 2.4 ഇഞ്ച് ഡിസ്‌പ്ലെ, എഫ്എം റേഡിയോ, ടോര്‍ച്ച് ലൈറ്റ്, ഹെഡ്‌ഫോണ്‍ ജാക്ക്, നാവിഗേഷന്‍ സിസ്റ്റം, വൈഫൈ, ബ്ലൂടൂത്ത് എന്നിവയും ഫോണിലുണ്ട്.

ഓഗസ്റ്റ് 24 മുതല്‍ ജിയോ ഫോണ്‍ പ്രീ ബുക്കിംഗ് ആരംഭിക്കും. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന വ്യവസ്ഥയിലാണ് ഫോണ്‍ ലഭ്യമാകുക. സെപ്തംബര്‍ മുതല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി. 2017 അവസാനത്തോടെ ജിയോ ഫോണുകള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ചു തുടങ്ങും. ഒരു ആഴ്ചയില്‍ 50 ലക്ഷം ഫോണുകള്‍ നിര്‍മിക്കാനാണ് പദ്ധതിയെന്നും കമ്പനി അറിയിക്കുകയുണ്ടായി.