നഴ്‌സുമാരുടെ സമരം തീരുമോ?: മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത നിര്‍ണായക യോഗം ഇന്ന്

single-img
20 July 2017

നഴ്‌സുമാരുടെ സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത നിര്‍ണായക യോഗം ഇന്ന്. വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് ചര്‍ച്ച. സുപ്രിംകോടതി നിര്‍ദ്ദേശിച്ച മിനിമം വേതനമായ 20000 രൂപ നല്‍കുക എന്നതാണ് നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന്റെ പ്രധാന ആവശ്യം.

കഴിഞ്ഞ ആഴ്ച മൂന്ന് മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ ആശുപത്രി മാനേജ്‌മെന്റും വ്യവസായ ബന്ധസമിതിയും നഴ്‌സുമാരും ചര്‍ച്ച നടത്തിയിരുന്നെങ്കിലും പ്രശ്‌നം പരിഹരിച്ചിരുന്നില്ല. മിനിമം വേതനം 17200 രൂപയാക്കാമെന്ന ശുപാര്‍ശ നഴ്‌സുമാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. ശക്തമായ സമരവുമായി നഴ്‌സുമാര്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്.

വൈകിട്ട് നടക്കുന്ന ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കാനുള്ള ഫോര്‍മുല ഉയര്‍ന്ന് വരുമെന്നാണ് നഴ്‌സുമാരും, ആശുപത്രി മാനേജ്‌മെന്റും പ്രതീക്ഷിക്കുന്നത്. നേരത്തെ ഉന്നയിച്ച മിനിമം വേതനം നല്‍കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്.

സമരം അവസാനിപ്പിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ഇടതുമുന്നണി മുഖ്യമന്ത്രിയോട് ആഴശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സമരം ഇന്നവസാനിക്കാനാണ് സാധ്യത. വ്യവസായ ബന്ധ സമിതിയും മിനിമം വേജസ് കമ്മിറ്റിയും രാവിലെ യോഗം ചേര്‍ന്ന് വേതനം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും. ഇതിന്റെ കൂടി അടിസ്ഥാനത്തിലുള്ള മിനിമം വേതനമായിരിക്കും വൈകിട്ട് നിശ്ചയിക്കുക. ഇതിനിടെ സെക്രട്ടറിയേറ്റി മുന്നില്‍ ഐഎന്‍എ നടത്തുന്ന സമരം 21 ദിവസവും, യുഎന്‍എയുടെ സമരം പത്തൊമ്പതാമ ദിവസവും പിന്നിട്ടു.