“ആസ്ട്രല്‍ പ്രൊജക്ഷന്‍” കൂട്ടക്കൊല:പൊലീസ് സീല്‍ ചെയ്ത വീട് കുത്തിത്തുറന്ന നിലയിൽ

single-img
20 July 2017

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപാതകം നടന്ന ബെയിന്‍സ് കോമ്പൗണ്ടിലെ വീട് കുത്തിതുറന്ന നിലയിൽ.റിട്ടയേര്‍ഡ് ആര്‍.എം.ഒ ഡോക്ടര്‍ ജീന്‍ പത്മ ഇവരുടെ ഭര്‍ത്താവ് റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജ തങ്കം, മകള്‍ കരോലിന്‍, ബന്ധു ലളിതാ ജീന്‍ എന്നിവരാണ് ഈ വീട്ടിൽ വെച്ച് കൊല്ലപ്പെട്ടത്.കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത രാജതങ്കം-ജീന്‍പത്മ ദമ്പതികളുടെ മകന്‍ കാഡല്‍ ജീന്‍സന്‍ രാജ പിടിയിലായതോടെ പൊലീസ് വീട് സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്താണ് ഈ വീട്. മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ കടന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ക്ലിഫ് ഹൗസിന് തൊട്ടടുത്ത് മതിയായ സുരക്ഷാ ക്രമീകരണങ്ങളുണ്ട്.കൊലപാതകത്തെ തുടർന്ന് ഈ വീട് കുപ്രസിദ്ധവുമാണു.ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വീടിന് 500 മീറ്റര്‍ അകലെ കള്ളന്‍ മോഷണത്തിനായി എത്തിയെന്നത് സുരക്ഷാ ക്രമീകരണങ്ങളുടെ വീഴ്ചയാണോ അതോ മറ്റെന്തെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്നുള്ളതും പോലീസ് പരിശോധിക്കുന്നുണ്ട്.

ബുധനാഴ്ച ഉച്ചയോടെയാണ് വീടിന്റെ മുന്‍വാതില്‍ തകര്‍ന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടിനുള്ളിലെ അലമാരയുടെ വാതില്‍ തകര്‍ത്തതായി കണ്ടെത്തി. അലമാരയില്‍ സൂക്ഷിച്ച വസ്ത്രങ്ങള്‍ വാരി വലിച്ച് പുറത്തിട്ടനിലയിലായിരുന്നു. വീട്ടിലുണ്ടായിരുന്ന പെട്ടിയും തുറന്നുകിടന്നു. അതേസമയം തെളിവെടുപ്പിനു ശേഷം വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നതിനാല്‍ വീട്ടില്‍നിന്നും പണമോ മറ്റു വിലയേറിയ സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് നിഗമനം.

സാത്താന്‍ സേവയുടെ ഭാഗമായി ശരീരത്തില്‍ നിന്നും ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പരീക്ഷണമാണ് കൊലപാതകത്തിലൂടെ കേഡല്‍ നടത്തിയതെന്നാണ് ഇയാൾ നൽകിയ മൊഴി. പത്ത് വര്‍ഷമായി ഇതിനുള്ള ശ്രമങ്ങളിലായിരുന്നുവത്രേ ഇയാള്‍. അതേസമയം കേഡല്‍ ജിന്‍സണ്‍ ഒരു സ്വപ്‌നസഞ്ചാരിയാണെന്നും പ്രതി സ്വബോധത്തോടു കൂടിയാണോ കൃത്യം ചെയ്തതെന്നും പറയാന്‍ കഴിയില്ലെന്നും പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രിയിലെ സൂപ്രണ്ട് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ മൊഴി നല്‍കിയിരുന്നു.