ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പോലീസ് പൊക്കിയത് മംഗലാപുരത്തെ ബന്ധുവിന്റെ തോട്ടത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെ;ഫാ. സജി ജോസഫ് കൂടുതൽ കുട്ടികളെ പീഡിപ്പിച്ചതായി സംശയം

single-img
18 July 2017

മീനങ്ങാടിയിൽ ബാലഭവനിലെ ആൺകുട്ടികളെ ലൈം​ഗീകമായി പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിലായത് മംഗലാപുരത്ത് നിന്നും.താമരശ്ശേരി കുണ്ടുതോട് സ്വദേശിയായ ഫാ. സജി ജോസഫ് ആവങ്ങാട്ടാണ് പിടിയിലായത്.ബാലഭവനില്‍ നിന്നും വീട്ടില്‍ എത്തിയ ചില കുട്ടികള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തപ്പോള്‍ മുതല്‍ വൈദീകന്‍ ഒളിവില്‍ പോയിരുന്നു. പലസ്ഥലങ്ങളില്‍ താമസിച്ച് ഇയാള്‍ ഒടുവില്‍ മംഗലാപുരത്തെ ബന്ധുവിന്റെ തോട്ടത്തില്‍ എത്തിയെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ നീക്കത്തിലാണു വൈദികൻ വലയിലായത്.

മീനങ്ങാടിയിലുള്ള സെന്റ്. വിൻസ്ന്റ് ബാലഭവനിലെ കുട്ടികളെ കഴിഞ്ഞ അധ്യായനവർഷമാണ് ഇയാൾ പീഡിപ്പിച്ചത്. സ്കൂള്‍ അവധിക്കാലത്ത് വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആണ്‍കുട്ടികള്‍ മൊഴി നല്‍കിയത്.നേരത്തെ 30 കുട്ടികളോളം ഉണ്ടായിരുന്ന ബാലഭവനില്‍ ഇപ്പോൾ നാലുപേരാണ് ഉള്ളത്. എന്തുകൊണ്ടാണ് കുട്ടികള്‍ ഇവിടം വിട്ടുപോയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പീഡനം പുറത്തറിഞ്ഞശേഷം ബാലഭവന്‍ അടച്ചിട്ടിരിക്കയാണ്.സംഭവം അറിഞ്ഞിട്ടും സഭാ നേതൃത്വം മൂടിവച്ച് പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്.

പീഡനത്തെ കുറിച്ച് സൂചന ലഭിച്ചതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് കൌണ്‍സലിങ്ങ് നല്‍കി. ചൈല്‍ഡ് ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ മീനങ്ങാടി പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.ഫാ. സജി ജോസഫിനെതിരെ പോക്സോ, ഐ.പി.സി 377, ജുവൈനൈൽ ജസ്‌റ്റിസ് ആക്ട് എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.