സുനിയോട് ക്വട്ടേഷന് മികച്ച ടീം വേണമെന്ന് ദിലീപ് നിര്‍ദ്ദേശിച്ചു: ദിലീപിനെ ‘പൂട്ടാന്‍’ ശക്തമായ തെളിവുകള്‍?

single-img
15 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് നേരിട്ടാണെന്നാണ് പുറത്തുവരുന്ന വിവരം. 2012ല്‍ മറ്റൊരു നടിയെ പള്‍സര്‍ സുനി കുടുക്കാന്‍ ശ്രമിച്ചെന്നും ഇതറിഞ്ഞാണ് ദിലീപ് സുനിക്ക് ക്വട്ടേഷന്‍ കൊടുക്കാന്‍ തീരുമാനിച്ചതെന്നുമാണ് പൊലീസിന്റെ പുതിയ കണ്ടെത്തല്‍. ക്വട്ടേഷന് മികച്ച ടീം വേണമെന്ന് ദിലീപ് നിര്‍ദ്ദേശിച്ചു. സുനില്‍കുമാറുമായി ദിലീപ് ഇടപാടുകള്‍ നടത്തിയത് നേരിട്ടായിരുന്നെന്നും പൊലീസ് പറയുന്നു.

താനും സുനില്‍ കുമാറും തമ്മില്‍ മാത്രമേ ഇക്കാര്യത്തില്‍ ഇടപാടുണ്ടാവുകയുള്ളൂവെന്നും താനാണ് ഇതിന് പിന്നിലെന്ന് മറ്റാരും അറിയരുതെന്നും ക്വട്ടേഷന്‍ നല്‍കുന്ന സമയത്ത് ദിലീപ് ആവശ്യപ്പെട്ടു. സുനില്‍ തന്നെ ക്വട്ടേഷന് വേണ്ട മറ്റ് ആള്‍ക്കാരെ തെരഞ്ഞെടുക്കണമെന്നും ക്വട്ടേഷന്‍ ഏറ്റെടുത്ത് പരിചയമുള്ളവരെത്തന്നെ ഇതിനായി നിയോഗിക്കണമെന്നും ദിലീപ് നിര്‍ദേശിക്കുകയായിരുന്നു. താനാണ് ഇതിന് പിന്നിലെന്നോ തനിക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നോ ക്വട്ടേഷന്‍ സംഘത്തിലെ മറ്റുള്ളവര്‍ അറിയരുത്. പണമിടപാടുകള്‍ പള്‍സറുമായി നേരിട്ട് മാത്രമേ നടത്തുകയുള്ളൂ. തന്നെ ഒരു ഘട്ടത്തിലും നേരിട്ട് ഫോണ്‍ വിളിക്കരുതെന്നും ദിലീപ് നിര്‍ദേശിച്ചിരുന്നു.

ഇതു പ്രകാരമാണ് സുനില്‍ കുമാര്‍ ഫോണില്‍ നേരിട്ട് ദിലീപിനെ വിളിക്കാതിരുന്നത്. എന്നാല്‍ പല തവണ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ സുനില്‍ വിളിച്ചിരുന്നു. അപ്പോഴൊക്കെ ദിലീപ് തൊട്ടടുത്ത് ഉണ്ടായിരുന്നു. താനും സുനില്‍ കുമാറും തമ്മില്‍ ബന്ധമുണ്ടെന്ന് ഒരു ഘട്ടത്തിലും തെളിയിക്കാനുള്ള തെളിവുകള്‍ അവശേഷിക്കരുതെന്നും ദിലീപ് നിശ്ചയിച്ചിരുന്നു. ശ്രമം പാളിപ്പോയാല്‍ എല്ലാവര്‍ക്കും പണികിട്ടുമെന്നും ദിലീപ് സുനില്‍ കുമാറിന് മുന്നറിയിപ്പ് കൊടുത്തതായും പോലീസ് പറയുന്നു.

ഈ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ദിലീപും സുനിയും നേരിട്ട് ഇടപാടുകള്‍ നടത്തിയത്. ഇത് തെളിയിക്കുന്ന സാക്ഷികളും തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം അമ്മയുടെ ഒരു സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെ നടിയും ദിലീപുമായി തര്‍ക്കമുണ്ടായത് സംബന്ധിച്ചും ചലച്ചിത്ര ലോകത്തെ ചിലര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

നടിയുമായി വഴക്കുണ്ടാക്കിയ ശേഷം ഞാനും നീയുമായുള്ള ബന്ധം ഇവിടെ അവസാനിച്ചു എന്ന് ദിലീപ് നടിയോട് പറഞ്ഞു. ഇതിന് ശേഷമാണ് ആദ്യമായി ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മുന്‍പ് മറ്റൊരു നടിയെ സുനില്‍ കുമാര്‍ ആക്രമിക്കാന്‍ ശ്രമിച്ച വിവരം ദിലീപ് അടക്കം സിനിമാ മേഖലയിലെ പലര്‍ക്കും അറിയാമായിരുന്നു. ഇത് കണക്കിലെടുത്താണ് തന്റെ ക്വട്ടേഷന്‍ സുനില്‍ കുമാറിന് തന്നെ ദിലീപ് നല്‍കിയതെന്നും പോലീസ് കണ്ടെത്തി. ഇതോടെ ദിലീപിനെ പൂട്ടാന്‍ ശക്തമായ തെളിവുകളുമായാണ് പോലീസ് കോടതിയെ സമീപിക്കുന്നത്.