ദിലീപിനായി ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തി ബന്ധുക്കള്‍: പൊന്നുംകുടം സമര്‍പ്പിച്ച് കാവ്യാമാധവന്‍

single-img
15 July 2017

ആലപ്പുഴ: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെയുള്ള അന്വേഷണം പുരോഗമിക്കുമ്പോള്‍ മാവേലിക്കര ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ദിലീപിനായി വഴിപാടുകള്‍. ദിലീപിന്റെ ബന്ധുവായ മാവേലിക്കര ഉമ്പര്‍നാട് ഗോകുലം ശ്രീലത ഉണ്ണികൃഷ്ണന്‍ ആണു വഴിപാടുകള്‍ നടത്തുന്നത്. തിങ്കളാഴ്ച വൈകീട്ടു പുഷ്പാഭിഷേകവും ഉണ്ടാകും. രണ്ടു വര്‍ഷം മുന്‍പു ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ കാര്‍ത്തിക പൊങ്കാലയ്ക്കു ഭദ്രദീപം തെളിച്ചതു ദിലീപ് ആയിരുന്നു.

അതേസമയം ഉദ്ദിഷ്ടകാര്യ ലബ്ധിക്ക് നടി കാവ്യാമാധവനുവേണ്ടി പൊന്നുംകുടം നേര്‍ച്ചയും നടന്നു. സര്‍വൈശ്വര്യത്തിനും ഉദ്ദിഷ്ടകാര്യത്തിനും വേണ്ടിയാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ പൊന്നുംകുടം സമര്‍പ്പിക്കുന്നത്. കേസില്‍ ദിലീപിനൊപ്പം കാവ്യയും അമ്മയും പ്രതിചേര്‍ക്കപ്പെടുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കാവ്യയുടെയും കുടുംബത്തിന്റെയും ക്ഷേത്ര ദര്‍ശനവും വഴിപാടുകളും.

വ്യാഴാഴ്ച രാത്രിയോടെയാണ് മാതാപിതാക്കളായ മാധവനും ശ്യാമളയും സഹോദരന്‍ മിഥുന്‍, മിഥുന്റെ ഭാര്യ എന്നിവരോടോപ്പം കാവ്യ മാധവന്‍ തളിപ്പറമ്പിലെത്തിയത്. എന്നാല്‍ ക്ഷേത്രത്തിലേക്ക് പോകാതെ കാവ്യ ബന്ധുവായ രമേശന്റെ വീട്ടില്‍ വിശ്രമിച്ചു. ക്ഷേത്രത്തിലെ തിരക്കൊഴിഞ്ഞ നേരത്ത് രാത്രി എട്ട് മണിയോടെയായിരുന്നു കുടുംബം ക്ഷേത്രത്തിലേക്ക് എത്തിയത്. കാവ്യമാധവന് വേണ്ടി മാതാപിതാക്കളാണ് പൊന്നുംകുടം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചത്. കണ്ണൂരിലെ ഫ്‌ലാറ്റിലാണ് രാത്രി ഇവര്‍ തങ്ങിയത്.