‘അയ്യോ! അങ്ങനെ പറയല്ലേ.. ദിലീപേട്ടന്‍ നിരപരാധിയാ’: സോഷ്യല്‍മീഡിയക്കിപ്പോള്‍ ‘ജനപ്രിയ’താരത്തോട് സഹതാപം

single-img
14 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനോട് ‘സഹതാപം’ പ്രകടിപ്പിച്ച് സോഷ്യല്‍മീഡിയ. ദിലീപിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കോടതി ശിക്ഷിക്കും വരെ ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നാണ് പോസ്റ്റുകളിലെല്ലാം പറയുന്നത്. ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാനുള്ള മനഃപൂര്‍വ്വമായ സൃഷ്ടിയാണോ ഇത്തരം പോസ്റ്റുകളെന്ന് സംശയിക്കപ്പെടുന്നുണ്ട്.

ദിലീപിനായി ‘സൈബര്‍ പോരാളികള്‍’ തയ്യാറെടുത്തു കഴിഞ്ഞതായി ഇന്നലെ ഇവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്വിറ്റര്‍, വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ താരത്തിനെ ചുറ്റിപറ്റിയുള്ള ട്രോളുകള്‍ ഇറങ്ങില്ലെന്ന് ഉറപ്പു വരുത്തുകയാണ് ‘സൈബര്‍ പോരാളികളുടെ’ ലക്ഷ്യം. ഇതോടൊപ്പം ഇവര്‍ തന്നെ ദിലീപിന് അനുകൂല തരംഗം സൃഷ്ടിച്ചെടുക്കാന്‍ ‘സഹതാപ’ പോസ്റ്റുകള്‍ ഇറക്കുന്നതായാണ് വിവരം.

ദിലീപിന്റെ വാര്‍ത്ത തുടര്‍ച്ചയായി നല്‍കുന്ന ചാനലുകളെയും സോഷ്യല്‍മീഡിയയിലൂടെ ഇവര്‍ വിമര്‍ശനത്തിന് ഇരയാക്കുന്നുണ്ട്. ദിലീപില്‍ നിന്ന് തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ പറഞ്ഞ് ഇപ്പോള്‍ രംഗത്ത് വരുന്ന സംവിധായകരും നിര്‍മ്മാതാക്കളും ഇതുവരെ ദിലീപിനെതിരെ ഒരക്ഷരം മിണ്ടാതിരുന്നതെന്തെന്ന ചോദ്യവും ഇവര്‍ ചോദിക്കുന്നു.

ദിലീപിന്റെ മാത്രമല്ല പല മുതിര്‍ന്ന താരങ്ങളുടെയും ഫാന്‍സ് അസോസിയേഷനുകളുടെ അംഗങ്ങള്‍ ഒരുമിച്ചാണ് ഇതിന് ഇറങ്ങി തിരിച്ചിരിക്കുന്നത് എന്നാണ് വിവരം. ദിലീപിനെ കോടതി ശിക്ഷിക്കുന്നതിന് മുമ്പ് താരസംഘടനയും മറ്റ് സിനിമാ സംഘടനകളും കയ്യൊഴിഞ്ഞതില്‍ എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്ത്എത്തിയിരുന്നു. ഇവരുടെ ആശിര്‍വാദത്തോടെയാണ് സൈബര്‍ പോരാളികളുടെ രംഗപ്രവേശം എന്നാണ് സൂചന.

കോടതി ശിക്ഷിക്കുന്നവരെ ദിലീപിനെ കയ്യൊഴിയേണ്ടതില്ലെന്നും, ദിലീപിനെതിരെ ഗൂഢാലോചന നടന്നെങ്കില്‍ അത് തെളിയിക്കാനുള്ള അവസരം നല്‍കണമെന്നുമാണ് നടന്‍ സിദ്ദീഖ് ഉള്‍പ്പെടെയുള്ളവരുടെ നിലപാട്. അതുകൊണ്ടുതന്നെ ദിലീപിനെതിരെ നടക്കുന്നത് ആസൂത്രിത ഗൂഡാലോചനയാണ് എന്ന് വരുത്തി തീര്‍ക്കലും സൈബര്‍ പോരാളികളുടെ ലക്ഷ്യമാണ്.

സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിള്‍ ട്രെന്‍ഡിങ്ങിലും കുറച്ച് ദിവസങ്ങളായി മുന്നില്‍ നില്‍ക്കുന്ന വിഷയം ദിലീപ് തന്നെയാണ്. ദേശീയ മാധ്യമങ്ങളിലും വാര്‍ത്ത വന്നതോടെയാണ് ദിലീപ് മുന്നിലെത്തിയത്. മുന്‍പ് ദിലീപ് കാവ്യ വിവാഹവും ഇത്തരത്തില്‍ ട്രെന്‍ഡിങ്ങില്‍ തിളങ്ങിയിരുന്നു. വിദേശത്തുള്ളവരാണ് ദിലീപിന്റെ വാര്‍ത്തകള്‍ കൂടുതലും ഗൂഗിളില്‍ തെരയുന്നത്.